തിരുവനന്തപുരം : ആരോഗ്യ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പിനെ പുഴുവരിച്ചിരിക്കുകയാണെന്നും ഡോക്ടർമാരുടെ സമരത്തില്‍ ഭരണകൂടം ഇടപെടുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ഉദ്ഘാടന മഹാമഹങ്ങൾ അവസാനിപ്പിച്ച് ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ മുഖ്യമന്ത്രി തയാറാകണമെന്നും ആരോഗ്യമന്ത്രിയെ കാണാനില്ലെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.
ആരോഗ്യരംഗത്ത് ഗുരുതരമായ അനാസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക് പോകാനൊരുങ്ങുകയാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാതെ സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ആംബുലന്‍സില്‍ കൊവിഡ് രോഗികള്‍ പീഡിപ്പിക്കപ്പെടുന്നു, രോഗികളെ പുഴുവരിക്കുന്നു, കൊവിഡ് ഇതര രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്രയും ഗുരുതരമായ സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുമ്പോഴും വാർത്താസമ്മേളനവും ഉദ്ഘാടന മഹാമഹവും മാത്രം നടത്തി നടക്കുകയാണ്. ആരോഗ്യമന്ത്രിയെ കാണാനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തെ ഗൌരവമായി കണ്ട് അടിയന്തരമായി സർക്കാർ ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=ALhNNwQKsVE