‘ഉത്തരവാദികൾ സംഗീത നാടക അക്കാദമി സെക്രട്ടറിയും ചെയർപേഴ്സണും’ ; ആത്മഹത്യാക്കുറിപ്പില്‍ ആർ.എൽ.വി രാമകൃഷ്ണന്‍

Jaihind News Bureau
Sunday, October 4, 2020

 

തൃശൂർ: ആത്മഹത്യക്ക് ശ്രമിച്ച നർത്തകൻ ആർ.എൽ.വി രാമകൃഷ്ണന്‍റെ ആരോഗ്യ നില തൃപ്തികരം. സംഗീത നാടക അക്കാദമി സെക്രട്ടറിയും ചെയർപേഴ്സണുമാണ് ഉത്തരവാദികൾ എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. അതേസമയം രാമകൃഷ്ണന് അവസരം ഒരുക്കാം എന്ന് സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കെ.പി.എ.സി ലളിത സമ്മതിക്കുന്ന ടെലിഫോൺ സംഭാഷണം പുറത്ത് വന്നു.

ഈ പീഡനം സഹിക്കാൻ വയ്യ. ഞാൻ അവസാനിപ്പിക്കുന്നു. ജാതി വിവേചനം ഇല്ലാത്ത ഒരു കലാ ലോകം ഉണ്ടാകട്ടെ. ഇങ്ങനെയാണ് ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യാ കുറിപ്പിൽ കുറിച്ചിരിക്കുന്നത്. അതേസമയം രാമകൃഷ്ണന് അവസരം കൊടുക്കണമെന്ന് താൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടില്ല എന്ന സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കെപിഎസി ലളിതയുടെ വാദം പൊളിഞ്ഞു. രാമകൃഷ്ണനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ സെക്രട്ടറിയോട് സംസാരിച്ച് അവസരം ഒരുക്കാം എന്ന് കെ പി എസി ലളിത വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്നലെ രാത്രിയാണ് ആർ.എൽ.വി രാമകൃഷ്ണനെ അമിതമായി ഉറക്ക ഗുളിക അകത്ത് ചെന്ന നിലയിൽ ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിലും പിന്നീട് കറുകുറ്റി അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിക്കുന്നത്. സംഗീത നാടക അക്കാദമിയിൽ ഓൺലൈൻ വഴി മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചതിനെ തുടർന്നാണ് സംഭവം. അനുമതി നിഷേധിച്ചതോടെ രാമകൃഷ്ണൻ കഴിഞ്ഞ ദിവസം അക്കാദമിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.