യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള ഈന്തപ്പഴം ഇറക്കുമതിയിലും ഖുർ ആൻ കൈപ്പറ്റിയതിലും സംസ്ഥാന സർക്കാരില്‍ നിന്ന് വിശദീകരണം തേടാന്‍ കസ്റ്റംസ്. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കസ്റ്റംസ് കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. 17,000 കിലോ ഈന്തപ്പഴം കൊണ്ടുവന്നതിൽ അസ്വാഭാവികതയെയുണ്ടെന്ന സംശയത്തെ തുടർന്നാണ് കസ്റ്റംസ് അന്വേഷണം.
നിയമ ലംഘനങ്ങളുടെ പേരിൽ മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സർക്കാറിനെതിരെയും കസ്റ്റംസ് കേസ് എടുത്തിരിക്കുന്നത്. രണ്ട് കേസുകൾ ആണ് കസ്റ്റംസ് സർക്കാറിനെതിരെ റജിസ്റ്റർ ചെയ്തത്. യു.എ.ഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം ഇറക്കിയ ഇറക്കുമതി സംഭവത്തിലും ഖുറാൻ കൈപ്പറ്റിയതിലുമാണ് സംസ്ഥാന സർക്കാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില ഉന്നത ഇടപെടലുകൾ നടന്നതായും നിയമ ലംഘനം നടന്നതായ കണ്ടെത്തല്‍ അന്വേഷണ വിധേയമാക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.
ടാക്സ് ഇല്ലാതെ നയതന്ത്ര പ്രതിനിധികളുടെ സ്വകാര്യ ചാനൽ വഴി സംസ്ഥാന സർക്കാർ ഈത്ത പഴവും ഖുർ ആനും കൈപ്പറ്റിയതിലൂടെ കസ്റ്റംസ് ആക്ട് ലംഘിച്ചതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് ആക്ട്, മണി ലോണ്ടറിംഗ് ആക്ട്, എഫ്.സി.ആർ.എ നിയമങ്ങൾ എന്നിവ സർക്കാർ ലംഘിച്ചെന്ന് കസ്റ്റംസ് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. മറ്റ് രാജ്യങ്ങളിൽ നിന്ന് ഇത്തരത്തിൽ സാധനങ്ങൾ കൈപ്പറ്റാൻ പാടില്ലെന്ന് സർക്കാറിന് ബോധ്യമുണ്ടായിട്ടും അത് കൈപ്പറ്റി വിതരണം നടത്തിയതായും കസ്റ്റംസ് വ്യക്തമാക്കുന്നുണ്ട്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
സർക്കാരിനെയാകെ പ്രതിക്കൂട്ടിൽ നിർത്തി കൊണ്ട് കസ്റ്റംസ് കേസ് എടുത്തതോടെ സ്വർണ്ണക്കടത്ത് കേസിൽ ഗുരുതര ആരോപണം നേരിടുന്ന സർക്കാർ കനത്ത പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. സർക്കാറിനെതിരെ സമരത്തിന്റെ വേലിയേറ്റം തുടരുന്ന സംസ്ഥാനത്ത് ഈ വാർത്ത കൂടി പുറത്ത് വന്നതോടെ പ്രതിപക്ഷ സമരങ്ങൾക്ക് മൂർച്ച കൂടും എന്നുറപ്പായി. കേസെടുത്ത വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്ത് മറുപടി ആയിരിക്കും നൽകുക എന്നതിനാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.