ഉമ്മൻ ചാണ്ടി എന്ന ഭരണാധികാരിയുടെ ജനകീയ ഇടപെടലുകളിൽ പ്രധാനപ്പെട്ടതാണ് ജനസമ്പർക്ക പരിപാടി. വലിയൊരു ജന വിഭാഗത്തിന്‍റെ കാലങ്ങളായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി തന്നെ താഴെ തട്ടിലേക്ക് ഇറങ്ങിയപ്പോൾ അതൊരു പുതിയ മാതൃകയായി. ഉമ്മൻ ചാണ്ടിക്ക് യു.എൻ അംഗീകാരം വരെ നേടിക്കൊടുത്തു ഈ പരിപാടി.
ആരെങ്കിലും എന്തെങ്കിലും സഹായം ചോദിച്ചാൽ എത്ര ബുദ്ധിമുട്ടിയാലും ചെയ്തു കൊടുക്കാൻ ശ്രമിക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ ശൈലി. മുഖ്യമന്ത്രി പദത്തിലും ആ പ്രവർത്തന പാതയിലൂടെയാണ് അദ്ദേഹം മുന്നോട്ട് പോയത്. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളെ അടുത്തുനിന്ന് കാണാനും അറിയാനുമുള്ള അവസരമായി ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടിയെ കണ്ടു. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമ്പോഴാണ് ഒരു ജനാധിപത്യ സർക്കാരിന്‍റെ ദൗത്യം പൂർണമാകുന്നതെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. യു.ഡി.എഫ് മുന്നോട്ട് വെച്ച വികസനവും കരുതലും എന്ന മുദ്രാവാക്യത്തോട് അങ്ങേയറ്റം നീതി പുലർത്തുക എന്നതായിരുന്നു ലക്ഷ്യം.
ഒരുവശത്ത് വൻകിട വികസന പദ്ധതികളിലൂടെ കേരളത്തിന്‍റെ മുഖഛായ മാറുമ്പോൾ മറുവശത്ത് പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹം ചുവപ്പ് നാടകളിൽ കുടുങ്ങി കിടന്നു. ഈ സാങ്കേതിക കെട്ടുപാടുകൾ നീക്കി അർഹതയുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്ന ദൗത്യം ഏറെ ശ്രമകരമായിരുന്നു. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി. ആവശ്യങ്ങളും ആവലാതികളുമായെത്തിയ ആരും നിരാശരായില്ല. 19 മണിക്കൂർ വരെ ഒരേ നിൽപ്പ് നിന്ന് അവസാന പരാതിക്കാരനെയും കേട്ട് പരിഹാരം നിർദേശിച്ച ശേഷമേ അദ്ദേഹം മടങ്ങിയിരുന്നുള്ളൂ. പരാതികളിൽ സർക്കാർ അതിവേഗത്തിൽ പ്രവർത്തിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി. ഉത്തരവുകൾ പുറപ്പെടുവിച്ചു. ഇരുൾ വീണ ഒരുപാട് പേരുടെ ജീവിത വഴികളിലെ പ്രകാശ ഗോപുരമായി ജനസമ്പർക്ക പരിപാടി മാറി.
ജനങ്ങളുടെ പ്രശ്നങ്ങളിൽ തീരുമാനം കൈക്കൊള്ളുമ്പോൾ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മനുഷ്യത്വപരമായ സമീപനം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. കേരള മോഡൽ വികസനത്തിന് ശേഷം ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെട്ട ഭരണ മാതൃകയായിരുന്നു ജനസമ്പർക്ക പരിപാടി. 2013 ൽ മികച്ച ജനസേവനത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്കാരവും ഈ ജനകീയ ഇടപെടലിലൂടെ ഉമ്മൻ ചാണ്ടിയെ തേടിയെത്തി.
https://youtu.be/gwe58KGab-A