ലൈഫ് മിഷനെ കൈക്കൂലി മിഷനാക്കി ; 20 കോടിയില്‍ 9.5 കോടിയും കൈക്കൂലി, ബെവ്ക്യു ആപ്പിലെ സഖാവുമായുള്ള ബന്ധം അന്വേഷിക്കാന്‍ തയാറുണ്ടോ ? : വെല്ലുവിളിച്ച് വി.ഡി സതീശന്‍

Jaihind News Bureau
Monday, August 24, 2020

തിരുവനന്തപുരം : ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കിയെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. ലൈഫ് മിഷൻ കരാറിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ട്. പദ്ധതി തുകയായ 20 കോടിയില്‍ 9.25 കോടിയും കൈക്കൂലിയാണ്. ലൈഫ് മിഷനിൽ 9.5 കോടി രൂപയാണ് കൈക്കൂലിയായി കൊടുത്തത്. എന്നാൽ 4.5 കോടിയുടെ കാര്യം മാത്രമാണ് പുറത്തുവന്നതെന്നും 5 കോടി രൂപയുടെ അഴിമതി കൂടി നടന്നിട്ടുണ്ടെന്നും അവിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് വി.ഡി സതീശൻ പറഞ്ഞു.

20 കോടി രൂപയുടെ നിർമ്മാണ കരാറിന് വേണ്ടി 4.5 കോടി രൂപ കൈക്കൂലിയായി കൊടുത്തെന്ന് യൂണിടാക്ക് നിർമ്മാണകമ്പനിയുടെ ഉടമ എൻഫോഴ്‌സ്‌മെന്‍റിന് മൊഴി നല്‍കിയത്. തൊട്ടടുത്ത ദിവസം തന്നെ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത് 4.5 കോടി രൂപ കൈപ്പറ്റിയ കാര്യം അറിയാമായിരുന്നുവെന്നാണ്. അഞ്ച് കോടി രൂപയുടെ അഴിമതി കൂടി ഇതിൽ നടന്നിട്ടുണ്ടെന്ന് വി.ഡി സതീശൻ ആരോപിച്ചു.

ബാറുകൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടി കൊണ്ടുവന്ന ബെവ്‌കോ ആപ്പിലെ സഖാവിനും ഈ അഞ്ച് കോടിയും തമ്മിൽ ബന്ധമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പാവങ്ങൾക്കായി വീട് നിർമിക്കാനുള്ള ലൈഫ് മിഷനിലെ ഒരു പ്രോജക്റ്റിൽ 46 ശതമാനം കൈക്കൂലി കൊടുത്ത് ദേശീയ റെക്കോർഡിട്ട സർക്കാരാണിതെന്ന് അദ്ദേഹം പരിഹസിച്ചു. 5 കോടി രൂപ ആരുടെ കയ്യിലുണ്ടെന്ന് അന്വേഷിക്കാൻ സർക്കാർ തയാറുണ്ടോയെന്നും വി.ഡി സതീശൻ വെല്ലുവിളിച്ചു.