തിരുവനന്തപുരം : കൊവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ പൊലീസുകാർക്ക് മെമ്മോ. തിരുവനന്തപുരം റൂറലിലെ അഞ്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കാണ് പൊലീസ് മേധാവി മെമ്മോ അയച്ചത്. ഡ്യൂട്ടിയില്‍ കൃത്യവിലോപം ഉണ്ടായെന്നും അലക്ഷ്യമായ ഡ്യൂട്ടിയാണ് കൊവിഡ് വ്യാപനത്തിന് കാരണമായതെന്നും കാണിച്ചാണ് മെമ്മോ. കൊവിഡ് നിയന്ത്രണം പൊലീസിനെ പൂർണ്ണമായും ഏല്‍പ്പിക്കുന്നത് തീർത്തും തെറ്റായ നടപടിയാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്നതാണിത്.
കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കാണ് മെമ്മോ ലഭിച്ചത്. ഇത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കുന്നു. രണ്ടു ദിവസത്തിനിടെ തിരുവനന്തപുരം റൂറലില്‍ അഞ്ചിലേറെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കാണ് മെമ്മോ ലഭിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
മെമ്മോ ശിക്ഷയെ ഭയന്ന് പൊലീസ് നടപടികള്‍ കൂടുതല്‍ കർക്കശമാക്കിയാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിലെ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിട്ടും മറ്റും നടപടി കര്‍ശനമാക്കുകയാണ് പൊലീസ് ചെയ്യുന്നത്. നിശ്ചിത സമയത്തിലും നേരത്തേ കടയടപ്പിച്ചും വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ കര്‍ശന നിബന്ധനകള്‍ വെച്ചുമാണ് പൊലീസ് മെമ്മോ ലഭിക്കാതിരിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നത്.ഇപ്പോള്‍ തന്നെ പൊലീസിന്‍റെ ഇടപെടലുകളില്‍ ജനങ്ങള്‍ക്കിടയിലും വ്യാപക അതൃപ്തിയും പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്.
കൊവിഡ് പ്രതിരോധം പൊലീസിനെ ഏല്‍പ്പിച്ചത് തികച്ചും തെറ്റായ നടപടിയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. പരിചയസമ്പന്നരായ ആരോഗ്യമേഖലയിലെ പ്രവർത്തകർ ചെയ്യേണ്ട ജോലി പൊലീസിനെ ഏല്‍പ്പിക്കുന്നത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കാന്‍ മാത്രമേ വഴിവെക്കൂ എന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ഇത്തരം നടപടികള്‍ പൊലീസ് രാജിലേക്ക് വഴിതുറക്കുന്നതാണെന്നും ആക്ഷേപം ഉയർന്നിരുന്നു.