മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമൊത്ത് മൂന്ന് തവണ വിദേശയാത്ര നടത്തി ; കുരുക്കിലാക്കി സ്വപ്നയുടെ മൊഴി

Jaihind News Bureau
Monday, August 17, 2020

കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കുരുക്കിലാക്കി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്‍റെ മൊഴി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണ് സ്വർണം ലോക്കറിൽ സൂക്ഷിച്ചതെന്നും സ്വപ്നയുടെ വെളിപ്പെടുത്തല്‍.

2017 ൽ സ്വപ്ന ഒമാനിലേക്ക് ശിവശങ്കറിനൊപ്പം യാത്ര ചെയ്തിരുന്നു. അതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിഷയവുമായി ബന്ധപ്പെട്ട് 2018 ഏപ്രിലിലും ഒക്ടോബറിലും ശിവശങ്കറിനൊപ്പം യാത്ര ചെയ്തായി എന്‍ഫോഴ്സ്മെന്‍റിന്‍റെ ചോദ്യംചെയ്യലില്‍ സ്വപ്നാ സുരേഷ് സമ്മതിച്ചു.

സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ സ്വർണം സംബന്ധിച്ച് നേരത്തെ സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ നല്‍കിയ വിശദീകരണം വിവാഹ സമയത്ത് ലഭിച്ചതാണെന്നായിരുന്നു. ശിവശങ്കറിന്‍റെ നിർദേശത്തെ തുടർന്നാണ് ലോക്കറിൽ സ്വർണ്ണം വെച്ചത് എന്നാണ് ഇവർ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. സ്വപ്നയും ശിവശങ്കറും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്‍റ് സമര്‍പ്പിച്ചിരിക്കുന്നത്. സ്വപ്‌ന, സരിത് എന്നിവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് കോടതിയില്‍ ഹാജരാക്കിയത്.