കേന്ദ്ര സർക്കാർ ജനാധിപത്യ വ്യവസ്ഥയ്ക്കും ഭരണഘടനാ മൂല്യങ്ങൾക്കും വിരുദ്ധമായി നിലകൊള്ളുന്നു: സോണിയ ഗാന്ധി

Jaihind News Bureau
Saturday, August 15, 2020

 

ഇന്ത്യൻ ജനാധിപത്യം പരീക്ഷണം നേരിടുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്ര സർക്കാർ ജനാധിപത്യ വ്യവസ്ഥയ്ക്കും ഭരണഘടനാ മൂല്യങ്ങൾക്കും വിരുദ്ധമായി നിലകൊള്ളുന്നു. സ്വാതന്ത്ര്യം കൊണ്ട് അർത്ഥമാക്കുന്നത് എന്തെന്ന് ഓരോ ഭാരതീയനും ചിന്തിക്കേണ്ട സമയമാണിത്. ഗാൽവനിൽ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ സൈനികരെ ഓർമിക്കുകയും അവരുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുന്നതായും സ്വതന്ത്ര്യദിനസന്ദേശത്തിൽ സോണിയ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ 74 വർഷങ്ങളിൽ രാജ്യം ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു. കേന്ദ്ര സർക്കാർ ജനാധിപത്യ വ്യവസ്ഥയ്ക്കും ഭരണഘടനാ മൂല്യങ്ങൾക്കും സ്ഥാപിത പാരമ്പര്യങ്ങൾക്കും വിരുദ്ധമായി നിലകൊള്ളുകയാണ് എന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. എഴുതാനും സംസാരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും വിയോജിക്കാനും കാഴ്ചപ്പാടുകൾ കാണാനും രാജ്യത്ത് സ്വാതന്ത്ര്യമുണ്ടോ എന്ന് സോണിയ ഗാന്ധി ചോദിച്ചു. സ്വാതന്ത്ര്യം കൊണ്ട് അർത്ഥമാക്കുന്നത് എന്ത് എന്ന് ഓരോ ഇന്ത്യക്കാരനും ചിന്തിക്കേണ്ടതുണ്ട്? ഗാൽവൻ സംഘർഷത്തിൽ കേണൽ സന്തോഷ് ബാബു ഉൾപ്പെടെയുള്ള ജവാൻമാർ വീരമൃത്യു വരിച്ചിട്ട് അറുപത് ദിവസം പിന്നിട്ടു. ഇവർക്ക് ഉചിതമായ ബഹുമാനം നൽകണമെന്ന് സർക്കാരിനോട് സോണിയ ഗാന്ധി അഭ്യർത്ഥിച്ചു.

വിവിധ ഭാഷകൾ, മതങ്ങൾ, വിഭാഗങ്ങൾ എന്നിവയുടെ ജനാധിപത്യ മൂല്യങ്ങളും ബഹുസ്വരതയും മാത്രമല്ല ഇന്ത്യയുടെ പ്രശസ്തിക്ക് കാരണം. ഐക്യത്തോടെ പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതുമാണ്. കൊവിഡ് പകർച്ചവ്യാധിയെ പരാജയപ്പെടുത്താൻ ഇന്ത്യ ഒന്നിച്ച് ഒരു മാതൃക സൃഷ്ടിക്കണം. ഉത്തരവാദിത്തമുള്ള പ്രതിപക്ഷം എന്ന നിലയിൽ
ഇന്ത്യയുടെ ജനാധിപത്യ സ്വാതന്ത്ര്യം നിലനിർത്താൻ എല്ലാ ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുമെന്നും സ്വതന്ത്ര്യദിനസന്ദേശത്തിൽ സോണിയ ഗാന്ധി പറഞ്ഞു.