കോഴിക്കോട് ജില്ലയിലെ സി.പി.എമ്മിന്റെ പ്രധാന ധന സ്രോതസ് തന്നെ സ്വർണ്ണ കള്ളക്കടത്തുകാർ ആണെന്ന ആരോപണം ശക്തമാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജാഥയ്ക്ക് വേണ്ടി സ്വർണ്ണക്കടത്ത്-ഹവാല കേസുകളിലെ പ്രതിയുടെ മിനി കൂപ്പർ വാഹനം ഉപയോഗിച്ചത് വൻ വിവാദമായിരുന്നു.
കോടിയേരി ബാലകൃഷ്ണൻ നയിച്ച ജനജാഗ്രതാ യാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയിൽ ആഢംബരപൂർണ്ണമായ സ്വീകരണമാണ് നൽകിയത്. ജാഥാ നായകനായ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രൗഡിക്ക് ഒട്ടും കുറവ് വരാത്ത രീതിയിൽ 44 ലക്ഷം രൂപയുടെ മിനി കൂപ്പർ വാഹനവും എത്തി. ഈ കാറിൽ സഞ്ചരിച്ചുകൊണ്ട് തന്നെ കോടിയേരി തൊഴിലാളി വർഗത്തെ അഭിവാദ്യം ചെയ്തു.
എന്നാൽ ഈ മിനി കൂപ്പറിന്റെ പൂർവകാല റൂട്ട് മാപ്പ് ഹവാല – സ്വർണ്ണക്കടത്ത് വഴികളിലൂടെ ഏറെ സഞ്ചരിച്ചതായിരുന്നു. കാറിന്റെ ഉടമസ്ഥനായ കാരാട്ട് ഫൈസലും മുമ്പ് കേസിൽ പ്രതിയായിരുന്നു. കാരാട്ട് ഫൈസലിന്റെ സമ്പർക്കപ്പട്ടികയിലുള്ളതാകട്ടെ സി.പി.എം ഉന്നതരും.
കൂപ്പർ യാത്രയിൽ പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായി എന്നായിരുന്നു പിന്നീട് സി.പി.എമ്മിന്റെ കുറ്റസമ്മതം. പക്ഷേ പാർട്ടിയുടെ ഉന്നതങ്ങളിൽ വരെ പിടിമുറുക്കിയ സ്വർണ്ണക്കടത്ത് മാഫിയയുടെ നേർചിത്രമായിരുന്നു കൊടുവള്ളിയിലെ കൂപ്പർ യാത്ര. അന്നത്തെ ജാഗ്രതക്കുറവ് ഇപ്പോഴും തുടരുന്നതിനാൽ സി.പി.എമ്മിന്റെ സ്വർണ്ണക്കടത്ത് ബന്ധം ഓരോ ദിവസവും അനാവരണം ചെയ്യപ്പെടുകയാണെന്ന് മാത്രം.
https://www.facebook.com/JaihindNewsChannel/videos/284064856231096