മന്ത്രി ഇ.പി ജയരാജന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തെ പുറത്താക്കി. അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ.സി. സജീഷിനെയാണ് പുറത്താക്കിയത്. സാമ്പത്തിക ക്രമക്കേടുകളിൽ നിരവധി പരാതികള്‍ ഉയർന്ന സാഹചര്യത്തിലാണ് നടപടി. നിയമനങ്ങളിൽ ക്രമവിരുദ്ധമായി സജീഷ് ഇടപ്പെട്ടിരുന്നതായും ആരോപണം ഉയർന്നിരുന്നു.
സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെയും മറ്റ് ചില മന്ത്രിമാരുടെയും ഓഫീസുമായ അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതോടെ പ്രതിരോധിക്കാനാവാതെ സിപിഎം നിൽക്കുമ്പോഴാണ് കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാൻ കെ.സി സജീഷിനെ പുറത്താക്കിയത് എന്നാണ് സൂചന. സിപിഎം ഉന്നത നേതാവിന്‍റെ അടുത്ത ബന്ധുവും കാസർഗോഡ് സ്വദേശിയുമായ കെ.സി സജിഷിനെതിരേ മാസങ്ങൾക്ക് മുൻപേ നിരവധി പരാതികൾ വ്യവസായ മന്ത്രിയുടെ ഓഫീസിൽ ഉയർന്നിരുന്നു. സാമ്പത്തിക ഇടപാടുകൾക്ക് പുറമേ നിയമനങ്ങളിലെ അനാവശ്യ ഇടപെടലുകൾ വരെ ആരോപണങ്ങളുണ്ട്.
സ്പോർട്സ് കൗൺസിലിന് കീഴിലും യൂണിവേഴ്സിറ്റികൾക്ക് കീഴിലും ആവശ്യമുള്ള ജഴ്സികൾ തന്‍റെ അടുത്ത സുഹൃത്തിന്‍റെ കടയിൽ നിന്ന് വാങ്ങണം എന്ന് സജീഷ് നിർദേശിച്ചിരുന്നു. പെരിന്തൽമണ്ണയിലെ ഈ സ്വകാര്യ സപോർട്സ് ഡീലറിന്‍റെ അക്കൗണ്ടിൽ നിന്ന് സജീഷിന്‍റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സിക്കുട്ടൻ അടക്കം നിരവധി പേർ പലതവണ സജീഷിനെതിരെ പരാതികൾ ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ പലതും മന്ത്രിയുടെ താൽപര്യപ്രകാരം ഒതുക്കിവെയ്ക്കുകയായിരുന്നു എന്നാണ് വിവരം.
എന്നാൽ പുതിയ പ്രതിസന്ധിക്കൾക്കിടയിൽ സജിഷിനെതിരേയുള്ള ആരോപണങ്ങൾ ജയരാജനും തലവേദനയാകും എന്നതിനാൽ കഴിഞ്ഞ ദിവസം ആരോഗ്യകാരണങ്ങളാൽ രാജി വെക്കുന്നു എന്ന് എഴുതി വാങ്ങി. സജിഷിന്‍റെ അപേക്ഷ അംഗീകരിച്ച ഉത്തരവും ഇറങ്ങി. കായിക അദ്ധ്യാപകനായിരുന്ന സജീഷ് മാതൃസ്ഥാപനത്തിലേക്ക് മടങ്ങുന്നു എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
ആരോപണ വിധേയനായ മറ്റൊരാള വ്യവസായ മന്ത്രി ഇപ്പോഴും സംരക്ഷിക്കുകയാണ് എന്നും സൂചനയുണ്ട്. പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽനിന്ന് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് എത്തിയ രണ്ടാമത്തെ ആളെ സംരക്ഷിക്കുന്നത് രണ്ടുപേരേയും ഒന്നിച്ച് ഒന്നിച്ച് പുറത്താക്കിയാൽ വിവാദമാകും എന്ന് ഭയന്നാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ നാളെ സിപിഎം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട് .
https://www.facebook.com/JaihindNewsChannel/videos/286394849252240