ഒമാനില്‍ വീണ്ടും ലോക്ഡൗണ്‍ : ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ റദ്ദാക്കി; 25 മുതല്‍ പതിനഞ്ച് ദിവസത്തേക്ക് നിയന്ത്രണം ; ഒരു ദിനം 11 മരണം

Jaihind News Bureau
Tuesday, July 21, 2020

മസ്‌കറ്റ് : ഒമാനില്‍ കൊവിഡ്  വ്യാപനം അനിയന്ത്രിതമായി വര്‍ധിച്ചതിനാല്‍, രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച്, ജൂലൈ 25 മുതല്‍ 15 ദിവസത്തേക്ക് ഒമാനിലെ മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടും. ഒമാന്‍ സുപ്രീം കമ്മിറ്റി ആണ് ഈ സുപ്രധാന തീരുമാനം എടുത്തത്. ഇതോടെ, ഗവര്‍ണറേറ്റുകള്‍ക്കിടയിലെ യാത്രാ വിലക്ക് വീണ്ടും പ്രാബല്യത്തില്‍ വരും. പൊതുസ്ഥലങ്ങള്‍ അടച്ചിടും. പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം ഉണ്ടാകില്ല.

പെരുന്നാളിനോടനുബന്ധിച്ചുള്ള പരമ്പരാഗത മാര്‍ക്കറ്റുകളും ഇത്തവണ ഒഴിവാക്കി. ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ഒത്തു ചേരുന്നതിനും വിലക്കേര്‍പ്പെടുത്തി. നേരത്തെ മസ്‌കത്ത് ഗവര്‍ണറേറ്റ് ഉള്‍പ്പടെ, രണ്ട് മാസത്തോളം ലോക്ഡൗണിലായിരുന്നു. സലാല ഉള്‍പ്പെടുന്ന ദോഫാര്‍ ഗവര്‍ണറേറ്റും മസീറ ദ്വീപും നിലവില്‍ ലോക്ഡൗണ്‍ തുടരുകയാണ്.

അതേസമയം, ഒമാനില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുകയായിരുന്നു. ചൊവ്വാഴ്ച മാത്രം 1487 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 70,000ത്തോട് അടുക്കുകയാണ്. 11 മരണങ്ങളും പുതുതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.