തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരെ അപമാനിച്ച പൊതുഭരണ സെക്രട്ടറിക്കെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. സെക്രട്ടേറിയറ്റ് ജീവനക്കാരെ ആക്ഷേപിക്കുന്നതിന് പിന്നില്‍ അയോഗ്യരെ സർക്കാർ പദവികളില്‍ തിരുകിക്കയറ്റുക എന്ന ഗൂഢലക്ഷ്യമാണുള്ളതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. റീബില്‍ഡ് കേരളയുടെ ഭാഗമായി പിന്‍വാതില്‍ ഓഫീസ് തുറന്ന് മെഗാ പ്രോജക്റ്റുകള്‍ കണ്‍സള്‍ട്ടന്‍സികള്‍ക്ക് നല്കി അയോഗ്യരായ വ്യക്തികളെയും സ്ഥാപനങ്ങളെയും സർക്കാർ ഇടങ്ങളില്‍ തിരുകിക്കയറ്റുകയാണ് ചെയ്യുന്നത്. സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് സമയബന്ധിതമായും കാര്യക്ഷമമായും ക്രീയാത്മകമായും മെഗാ പ്രോജക്റ്റുകൾ നടപ്പിലാക്കുവാൻ കഴിയുകയില്ലെന്ന പൊതുഭരണ സെക്രട്ടറിയുടെ അപഹാസ്യമായ കുറിപ്പിന് പിന്നില്‍ ഇത്തരത്തിലുള്ള ഗൂഢലക്ഷ്യമാണെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും പരാമർശം പിന്‍വലിച്ച് ജ്യോതിലാല്‍ മാപ്പ് പറയണമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
പ്രോജക്റ്റുകളിൽ പരീക്ഷണാർത്ഥമോ അല്ലാതെയോ ഒരു സെക്രട്ടേറിയറ്റ് ജീവനക്കാരനേയും സർക്കാരോ ട്രാൻസ്പോർട്ട് സെക്രട്ടറിയോ നാളിതുവരെ നിയോഗിച്ചിട്ടില്ലെന്ന വസ്തുത സെക്രട്ടേറിയറ്റ് ആക്ഷന്‍ കൌണ്‍സില്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഏൽപ്പിക്കാത്ത ചുമതലയുടെ ക്രിയാത്മകതയും കാര്യക്ഷമതയും എങ്ങനെയാണ് പരിശോധിക്കപ്പെടുന്നത് ജീവനക്കാർ നിർദ്ദിഷ്ട സെക്രട്ടേറിയറ്റ് നിയമങ്ങൾക്കനുസരിച്ച് പക്ഷപാതമില്ലാതെ, പൊതുജന താത്പര്യാർത്ഥം, മാതൃകാപരമായി ജോലി നിർവ്വഹിക്കുന്നുണ്ട്. നിയമാവലികൾ ലംഘിച്ച് പ്രോജക്റ്റുകൾ നൽകാനും അതിലൂടെ അയോഗ്യരായ തന്നിഷ്ടക്കാരെ വിവിധ തന്ത്രപ്രധാന തസ്തികകളിൽ നിയമിക്കാനും ഉതകുന്ന പ്രവർത്തനങ്ങൾക്ക് കുട പിടിക്കലാണ് പൊതുഭരണ സെക്രട്ടറിയുടെ കുറിപ്പുകളിലൂടെ പുറത്ത് വരുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തുന്നു.
താൻ കൂടി ഉൾപ്പെട്ട ഭരണനിർവഹണ സെക്രട്ടേറിയറ്റ് സംവിധാനത്തെ തള്ളി പറഞ്ഞ പൊതുഭരണ സെക്രട്ടറി തന്റെ കഴിവില്ലായ്മക്ക് മറപിടിക്കാനാണോ ഇത്തരം കുറിപ്പുകൾ ഉന്നയിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ സാധിക്കില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. ഭരണനിർവഹണ ശേഷിയുള്ള സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താത്തതിന്റെ തിക്തഫലങ്ങളിൽ ഒന്നാണ് പൊതുഭരണ സെക്രട്ടറിയുടെ കുറിപ്പും “ബാക്ക് ഡോർ ഓഫീസ് ” നിർദ്ദേശത്തിന്റെയും അടിസ്ഥാനം. സെക്രട്ടേറിയറ്റ് ജീവനക്കാരെ വിശ്വാസത്തിലെടുത്ത് സർക്കാർ മുന്നോട്ട് പോകുന്നതിന് പകരം സെക്രട്ടേറിയറ്റ് സർവ്വീസ് തകർക്കുവാൻ സ്വീകരിച്ച നടപടികളുടെ തിരിച്ചടിയാണ് ഇന്ന് ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
പൊതുഭരണ വകുപ്പ് സെക്രട്ടറി സെക്രട്ടേറിയറ്റ് ജീവനക്കാർക്കെതിരെ നടത്തിയിട്ടുള്ള അടിസ്ഥാന രഹിതവും അപഹാസ്യവുമായ പരാമർശക്കുറിപ്പ് പിൻവലിച്ച് ജീവനക്കാരോട് മാപ്പ് പറയണമെന്ന് കേരള സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആവിശ്യപ്പെട്ടു. നിലപാട് തിരുത്തിയില്ലെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശക്തമായ പ്രത്യക്ഷ സമരങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ജ്യോതിഷ് എം.എസ് പ്രസ്താവനയില്‍ അറിയിച്ചു.
വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് (പി.ഡബ്യു.സി) സെക്രട്ടേറിയറ്റില്‍ ഓഫീസ് തുടങ്ങാന്‍ രണ്ട് വര്‍ഷം മുമ്പ് ശ്രമം തുടങ്ങിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ഗതാഗത സെക്രട്ടറിയുടെ കുറിപ്പിലാണ് ജീവനക്കാരെ ആക്ഷേപിക്കുന്ന പരാമർശമുള്ളത്. സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് കാര്യക്ഷമത പോരെന്നായിരുന്നു ആക്ഷേപം. മെഗാ പ്രൊജക്ടറുകള്‍ കൈകാര്യം ചെയ്യുന്നതിന് ബാക്ക് ഡോര്‍ മൊബിലിറ്റി ആവശ്യമാണെന്നും അതുകൊണ്ട് പി.ഡബ്ല്യുസി സമര്‍പ്പിച്ച വാല്യൂ മാനേജ്മെന്റ് പ്രൊപ്പോസല്‍ അംഗീകരിക്കണമെന്നും കുറിപ്പില്‍ പറയുന്നു. ഗതാഗത സെക്രട്ടറിയുടെ ആക്ഷേപ പരാമർശത്തിനെതിരെയാണ് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയത്.