അബുദാബി : പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിക്ക് ഈ വര്‍ഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡര്‍ പുരസ്കാരം. അബുദാബി പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. പുരസ്കാരം ലഭിച്ച അറബ് പൗരനല്ലാത്ത ഏക വ്യക്തിയും യൂസഫലിയാണ്.
സുസ്ഥിരതയുടെ മികച്ചതും നൂതനവുമായ സമ്പ്രദായങ്ങള്‍ നടപ്പിലാക്കുന്നതും സുസ്ഥിര മാനേജ്മെന്റ് നടപടികളുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് പുരസ്കാരം. അബുദാബി സസ്റ്റയിനബിലിറ്റി പുരസ്കാരം നേടിയ വ്യക്തികളെയും സ്ഥാപനങ്ങളെയും അഭിനന്ദനം അറിയിക്കുന്നുവെന്ന് അബുദാബി പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ ഷെയ്ഖ് സാലെം അല്‍ ദാഹെരി പറഞ്ഞു.
കൊവിഡ്-19 പ്രതിസന്ധികള്‍ക്കിടയിലും പരിസ്ഥിയുമായി കൂട്ടിച്ചേര്‍ന്ന ഭാവിയിലുണ്ടാകുന്ന ഏതൊരു ആപത്ഘട്ടങ്ങളെയും തരണം ചെയ്യുന്നതിനായി മികച്ച രീതിയില്‍ സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയിലെ ഷൈമ അല്‍ മസ്രോയിക്കും പുരസ്കാരത്തിന് അര്‍ഹയായി. അബുദാബി പോര്‍ട്ട്, അബുദാബി നാഷണല്‍ എക്സിബിഷന് കമ്പനി, ഡോള്‍ഫിന്‍ എനര്‍ജി, ബോറോഗ് എന്നിവരാണ് വിവിധ മേഖലകളില്‍ പുരസ്കാരം ലഭിച്ച മറ്റ് സ്ഥാപനങ്ങള്‍.