പവിത്രന്‍റെ മകന്‍റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത പ്രവാസി സംരംഭകന്‍ സാമ്പത്തിക സഹായവും ലാപ്‌ടോപ്പും വീട്ടിലെത്തിച്ചു : വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ച പ്രവാസിയുടെ ജീവിതം ലോകമറിഞ്ഞത് ജയ്ഹിന്ദ് ടി വി വാര്‍ത്തയിലൂടെ

B.S. Shiju
Monday, July 13, 2020

ജയ്ഹിന്ദ് ടി വി വാര്‍ത്തയെ തുടര്‍ന്ന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ പ്രഖ്യാപിച്ച സഹായം പവിത്രന്‍റെ കുടുംബത്തിന് മന്ത്രി ടി പി രാമകൃഷ്ണന്‍ കൈമാറുന്നു.

ദുബായ്  : എസ്എസ്എല്‍സി പരീക്ഷയില്‍ തിളങ്ങുന്ന വിജയം നേടിയ മകന് മികച്ച വിദ്യാഭ്യാസം നല്‍കുകയെന്ന ആഗ്രഹം പൂര്‍ത്തിയാകാനാകാതെ അച്ഛന്‍ മടങ്ങിയപ്പോള്‍ കുടുംബത്തിന് കൈത്താങ്ങേകി യുഎഇയിലെ പ്രവാസി സമൂഹം. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങാനിരിക്കെ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ച കോഴിക്കോട് കുറ്റ്യാടി സ്വദേശി പവിത്രന്‍ മഞ്ചക്കലിന്‍റെ കുടുംബത്തിനാണ് പ്രവാസി ലോകത്തു നിന്നുള്ള ഈ സഹായഹസ്തം.

ജയ്ഹിന്ദ് ടി വി വാര്‍ത്തയിലൂടെ മറ്റൊരു കൈത്താങ്ങ് കൂടി

മികച്ച വിജയം നേടിയ മകനെ നാട്ടിലെത്തി അഭിനന്ദിക്കാനിരുന്ന പവിത്രന്‍റെ ആകസ്മിക വിയോഗം പ്രവാസ ലോകത്ത് തീരാവേദനയായിരുന്നു. ജയ്ഹിന്ദ് ടി വിയാണ് യുഎഇയില്‍ നിന്നുള്ള വേദനിപ്പിക്കുന്ന ഈ മരണവാര്‍ത്തയും ഇതിന് പിന്നിലെ ജീവിത ചരിത്രവും ലോകത്തെ ആദ്യം അറിയിച്ചത്. ഡോക്ടേഴ്‌സ് ദിനത്തില്‍ വിയോഗ വാര്‍ത്തയറിഞ്ഞു കുടുംബത്തിന് പിന്തുണയറിയിച്ച വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യുവ വ്യവസായി, ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം പവിത്രന്റെ കോഴിക്കോട്ടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. കോഴിക്കോട് സ്വദേശി കൂടിയായ ഡോ. ഷംഷീറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കേരള സംസ്ഥാന എക്‌സൈസ്- തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണനാണ്  പവിത്രന്റെ  കുറ്റ്യാടി കായക്കൊടിയിലെ വീട്ടിലെത്തി അഞ്ചുലക്ഷം രൂപയുടെ സഹായം കൈമാറിയത്. വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഇന്ത്യ ഡയറക്ടര്‍ ഹാഫിസ് അലി ഉള്ളാട്ട്, മുന്‍ എംപി പി സതീദേവി തുടങ്ങിയവര്‍ സന്നിഹിതനായിരുന്നു.

ഏറ്റെടുത്ത് ഡിഗ്രി വരെയുള്ള വിദ്യാഭ്യാസ ചെലവ്

പവിത്രന്റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ മകന്‍ ധനൂപിന്‍റെ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസ ചെലവ്  ഏറ്റെടുക്കാന്‍ ഡോ. ഷംഷീര്‍ സന്നദ്ധത അറിയിച്ചിരുന്നു. ജയ്ഹിന്ദ് ടി വിയുടെ മിഡില്‍ ഈസ്റ്റ് ആസ്ഥാനമായ ദുബായിലെ ഓഫീസിനെ ബന്ധപ്പെട്ട്, പവിത്രന്‍റെ നാട്ടിലെ ബന്ധുക്കളെ കണ്ടെത്തിയാണ് സഹായം എത്തിച്ചത്. ഒപ്പം, ധനൂപിന്‍റെ പഠനാവശ്യങ്ങള്‍ക്കായി ലാപ്പ്‌ടോപ്പും ഡോ. ഷംഷീര്‍ നല്‍കി. പവിത്രന്റെ തൊഴില്‍ നഷ്ടത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കുമിടെ കുടുംബത്തിന് പ്രതീക്ഷ നല്‍കിയ വിജയമായിരുന്നു മകന്റേത്. കുടുംബത്തിന്‍റെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രവാസി സമൂഹം നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. അച്ഛന്‍റെ വിയോഗവാര്‍ത്തയറിഞ്ഞു സഹായവും പിന്തുണയുമറിയിച്ച  ഡോ. ഷംഷീറിനും മറ്റു പ്രവാസി മലയാളികള്‍ക്കും വാര്‍ത്ത പുറത്ത് കൊണ്ടുവന്ന ജയ്ഹിന്ദ് ടി വിയ്ക്കും പവിത്രന്‍റെ കുടുംബം നന്ദി പറഞ്ഞു.