സ്പേസ് കോണ്‍ക്ലേവിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം; പ്രധാനമന്ത്രിയ്ക്ക് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ കത്ത്

Jaihind News Bureau
Friday, July 10, 2020

 

നയതന്ത്ര ഓഫീസുകളും അനുബന്ധ സൗകര്യങ്ങളും സ്വർണ്ണ കള്ളക്കടത്തിന് ദുരുപയോഗം ചെയ്ത സാഹചര്യത്തിൽ കേരള സർക്കാർ നടത്തിയ സ്‌പേസ് ടെക്നോളജി കോൺക്ലേവ് എഡ്ജ് 2020നെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചു.

സ്‌പേസ് ടെക്നോളജി കോൺക്ലേവ് എഡ്ജ് 2020 നടത്തിപ്പിന് പ്രധാന ചുമതലയിലുണ്ടായിരുന്ന വ്യക്തിയെ സംബന്ധിച്ച് നയതന്ത്ര ബന്ധങ്ങളുമായി കൂട്ടിചേർത്ത് ആരോപണങ്ങൾ പുറത്തു വരുന്ന സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. ബഹിരാകാശ രംഗത്തെ ഇൻഡ്യയിലെയും വിദേശത്തെയും പ്രമുഖരായ ശാസ്ത്രജ്ഞന്മാരും വിദഗ്ദരും പങ്കെടുത്ത പരിപാടിയായിരുന്നു സ്‌പേസ് ടെക്നോളജി കോൺക്ലേവ് എഡ്ജ് 2020. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയായ ആൾ മുഖ്യകാർമ്മികത്വം വഹിച്ച പരിപാടിയായിരുന്നു. രാജ്യത്തെ അതീവ്രപ്രാധാന്യമുളള ബഹിരാകാശ ഗവേഷണ രംഗത്തെ വിദഗ്ദരെ പരിപാടിക്ക് ക്ഷണിക്കുവാനും പരിപാടി നടപ്പാക്കുവാനും സംസ്ഥാന സർക്കാർ ചുമതല നൽകിയത് കളങ്കിതർക്കാണെന്നുളളത് കൊണ്ട് അന്വേഷണം അനിവാര്യമാണ്.

ബഹിരാകാശ ഗവേഷണവും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരെയും വ്യക്തികളെയും വിളിച്ച് ചേർത്ത് പരിപാടി സംഘടിപ്പിക്കുവാൻ കളങ്കിതർക്കുള്ള സ്വാധീനത്തെ സംബന്ധിച്ച് അന്വേഷണം അനിവാര്യമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കത്തിൽ ആവശ്യപ്പെട്ടു. സ്വർണ്ണ കളളക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസിയുടെ പരിധിയിൽ ഈ വിഷയം കൂടി ഉൾപ്പെടുത്തണമെന്ന് എം.പി. കത്തിൽ ആവശ്യപ്പെട്ടു.