ഫുജൈറ (യുഎഇ ) : അര്‍ബുദം ബാധിച്ചു ഗുരുതരാവസ്ഥയിലായ ചെന്നൈ സ്വദേശിനിക്ക് ഇന്‍കാസ് ഫുജൈറയുടെ കാരുണ്യഹസ്തം ആശ്വാസമായി. രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്ന ഇവര്‍ ഒരു മാസമായി ജോലിയില്ലാതെ കഷ്ടത്തിലായിരുന്നു. ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടറായും അതിനു ശേഷം ട്രാന്‍സ്പോര്‍ട് കമ്പനിയില്‍ ഡ്രൈവറായും ജോലി നോക്കുകയായിരുന്നു. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിലായ അവര്‍ക്കു ഇന്‍കാസ് ഫുജൈറയും കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബും ഭക്ഷണവും മരുന്നും എത്തിച്ചു.
രോഗം മൂര്‍ച്ഛിച്ചതോടെ തുടര്‍ ചികിത്സക്ക് നാട്ടില്‍ പോകാനായി എംബസിയില്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും വന്ദേഭാരത് മിഷന് വിമാനത്തില്‍ അവസരം കിട്ടിയില്ല. ചാട്ടേര്‍ഡ് വിമാനങ്ങളുടെ നിരക്ക് വളരെ കൂടുതലും ആയിരുന്നു. നാട്ടിലെത്തിയാലും നിര്‍ധനയായ താനെങ്ങനെ ചികിത്സയ്ക്ക് വഴികണ്ടെത്തുമെന്നറിയാതെ വിഷമിച്ച അവരെ സാമ്പത്തികമായി സഹായിക്കാന്‍ മുന്നോട്ടു വരികയായിരുന്നു. ഇന്‍കാസ് പ്രവര്‍ത്തകരില്‍ നിന്ന് മാത്രം സ്വരൂപിച്ച ഫണ്ട് പ്രസിഡന്റ് കെ. സി. അബൂബക്കര്‍ കൈമാറി. അതോടൊപ്പം കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബ് അംഗങ്ങള്‍ ശേഖരിച്ച തുകയും നല്കി.
നാസര്‍ പാണ്ടിക്കാട്, എന്‍. എം. അബ്ദുല്‍ സമ്മദ്, എ. കെ. യൂസുഫലി, ഉസ്മാന് ചൂരക്കോട്, രാജേഷ് കെ. അപ്പു, ബിജോയ് ഇഞ്ചിപ്പറമ്പില്‍ , ജി.പ്രകാശ് , ഷക്കീര്‍, താരിഖ് അലി, ബിനു തുടങ്ങിയവര്‍ പങ്കെടുത്തു. മലയാളികളുടെ സേവന സന്നദ്ധതക്കും കരുതലിനും നന്ദി പ്രകാശിപ്പിച്ച തമിഴ് സ്ത്രീ നാട്ടിലേക്ക് മടങ്ങി.