എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടി കുത്തിയതിനെ തുടര്‍ന്ന് വര്‍ക്ക്ഷോപ്പ് തുടങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ കുടുംബത്തോടുള്ള പകപോക്കല്‍ തുടരുന്നു. എല്ലാ സഹായവും നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ്വാക്കായി. സുഗതന്റെ പേരില്‍ വാടക സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ക്ഷോപ്പ് ഉടന്‍ പൊളിച്ചു മാറ്റണമെന്നാണ് ഇടതുമുന്നണി ഭരിക്കുന്ന കൊല്ലം വിളക്കുടി പഞ്ചായത്തിന്റെ നിര്‍ദേശം.
അതേസമയം സുഗതന്റെ കുടുംബത്തിന് എല്ലാം സഹായവും നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഇതേതുടര്‍ന്ന് എട്ടു ലക്ഷം രൂപ കൂടി മുടക്കി സുഗതന്റെ മക്കള്‍ അച്ഛന്റെ പേരില്‍ വാടക സ്ഥലത്ത് വര്‍ക്ക്ഷോപ്പും ആരംഭിച്ചു. എന്നാല്‍ പലവിധ ന്യായങ്ങള്‍ പറഞ്ഞ് വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ഇടതുമുന്നണി ഭരിക്കുന്ന വിളക്കുടി പഞ്ചായത്ത് ലൈസന്‍സ് നല്‍കിയില്ല. നികുതി ഇനത്തിൽ നല്‍കാനുളള ഇരുപതിനായിരം രൂപ അടച്ച് വര്‍ക്ക്ഷോപ്പിന്റെ പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കണമെന്നാണ് പഞ്ചായത്തിന്റെ നിലപാട്.
ഉടന്‍ ലൈസന്‍സ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയതെന്ന് സുഗതന്റെ മകന് സുജിത് പറഞ്ഞു. ‘ലൈസന്‍സ് കിട്ടുമെന്ന് കരുതി കടം വാങ്ങിച്ചുവരെ ഇതില്‍ നിക്ഷേപിച്ചു. ഇപ്പോള്‍ വലിയ കടമുണ്ട്. ഒപ്പം എന്റെ വിസ ക്യാന്‍സലായി, മസ്ക്കറ്റിലെ വര്‍ക്ക്ഷോപ്പും പോയി. സര്‍ക്കാരും കൈമലര്‍ത്തുന്നു. അച്ഛനെപ്പോലെ ആത്മഹത്യ ചെയ്യുക മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള വഴി’– സുജിത് പറയുന്നു.
2018 ഫെബ്രുവരി 23 നാണ് കൊല്ലം പുനലൂര്‍ സ്വദേശിയായ പ്രവാസി സുഗതന് (64) തൂങ്ങിമരിക്കുന്നത്. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിലെ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്ഷോപ്പിലായിരുന്നു ആത്മഹത്യ. ദീര്‍ഘകാലം പ്രവാസജീവിതം നയിച്ച സുഗതനും മക്കളും സംഭവത്തിന് ആറ് മാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തി വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ ശ്രമമാരംഭിച്ചത്. പത്തനാപുരത്ത് സ്ഥലം വാടകയ്ക്കെടുത്ത് വര്‍ക്ക് ഷോപ്പിന്റെ നിര്‍മ്മാണം ആരംഭിച്ചു.
എന്നാല്‍ വയല്‍ നികത്തിയ സ്ഥലത്താണ് വര്‍ക്ക് ഷോപ്പ് സ്ഥിതി ചെയ്യുന്നതെന്ന ആരോപണവുമായി ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. വര്‍ക്ക്ഷോപ്പിന് മുന്പില് ഇവര്‍ കൊടികുത്തി പ്രതിഷേധം ആരംഭിച്ചു. ഇതോടെ തന്റെ ബിസിനസ് സംരംഭവും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും തകര്‍ന്നുവെന്ന ബോധ്യത്തില്‍ സുഗതന് ജീവനൊടുക്കി. എഐവൈഎഫ് നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുഗതന്റെ ആത്മഹത്യയെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അതേസമയം, പഞ്ചായത്ത് വാർത്ത നിഷേധിച്ചു. വർക്ക്ഷോപ്പ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസും പഞ്ചായത്ത് നല്‍കിയിട്ടില്ലെന്ന് വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുറത്തിറക്കിയ നിഷേധക്കുറിപ്പില്‍ പറയുന്നു.