ന്യൂഡൽഹി : പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിലെ ശാസ്ത്രജ്ഞനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ സംഭവത്തിന്റെ അന്വേഷണം എന്‍.ഐ.എക്ക്. കോഴിക്കോട് സ്വദേശി അരുണ്‍ പി രവീന്ദ്രനാണ് ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞനെന്ന പേരില്‍ തട്ടിപ്പ് നടത്തിയത്. അതേസമയം കേന്ദ്രസർക്കാരിന്റെ തന്ത്രപ്രധാന ഓഫീസുകളിലെ നിത്യസന്ദർകനായിരുന്ന ഇയാള്‍ക്ക് കേന്ദ്ര മന്ത്രിമാർ അടക്കമുള്ള ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെ രാജ്യസുരക്ഷയ്ക്ക് വരെ ഭീഷണിയായേക്കാവുന്ന ക്രമക്കേടുകള്‍, ഇയാളോട് അടുത്ത ബന്ധം പുലർത്തിയ കേന്ദ്ര മന്ത്രിമാരുടെയും ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളുടെയും ഉറക്കം കെടുത്തുന്നുണ്ട്.
പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിലെ ശാസ്ത്രജ്ഞന് ചമഞ്ഞ് തട്ടിപ്പ് നടത്തിയ അരുണിനെ കോഴിക്കോട് നരിക്കുനിയിലെ വാടകവീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് തിരുവാമ്പാടി സ്വദേശിയായ ഇയാള്‍ പിന്നീട് തിരുവല്ലയിലേക്കു മാറിത്താമസിക്കുകയായിരുന്നു. പ്രതിരോധ സ്ഥാപനവുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പിന്റെ സൂചന ലഭിച്ചതോടെ ഇയാളെ ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കൈമാറി. ഐ.ബിയുടെ ചോദ്യംചെയ്യലില്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നു. ഇതിനെ തുടർന്നാണ് ദേശീയ അന്വേഷണ ഏജന്‍സി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്.
രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കിയ തട്ടിപ്പുകള്‍ നടത്തിയ ഇയാളുടെ അറസ്റ്റില്‍ ഇയാളുമായി ബന്ധം പുലർത്തിയിരുന്ന കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളും വെട്ടിലായിരിക്കുകയാണ്. ഇയാളുടെ അറസ്റ്റും തട്ടിപ്പിന്റെ വിശദാംശങ്ങളും മറയ്ക്കാൻ ശ്രമങ്ങളും നടന്നു. ബി.ജെ.പി ഭരണത്തിന്റെ മറപിടിച്ചാണ് കഴിഞ്ഞ അഞ്ചു വർഷമായി അരുണ്‍ വൻ സാമ്പത്തിക തട്ടിപ്പുകൾ അടക്കമുള്ള തിരിമറികൾ നടത്തിയത്. കേന്ദ്രസർക്കാരിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പോലുള്ളവ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയിട്ടുണ്ട്. ഡൽഹിയിലെ മയൂർ വിഹാറിൽ താമസമാക്കിയിരുന്ന ഇയാൾ പ്രധാന കേന്ദ്ര സർക്കാർ ഓഫീസുകളിലെ നിത്യ സന്ദർശകനായിരുന്നു. ആർ.എസ്.എസിന്റെ ജൻഡേവാലയിലെ കേന്ദ്ര ഓഫീസിലും മലയാളികളായ ബി.ജെ.പി നേതാക്കളുടെയും വസതികളിലും ഓഫീസുകളിലും ഇയാള്‍ സ്ഥിരം സന്ദർശകനായിരുന്നു.
ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഡി.ആർ.ഡി.ഒ വ്യാജ ഐഡന്റിന്റി കാർഡിന് പുറമേ, സിവിൽ സർവീസസ് ഐ.എ.എസ് പരീക്ഷയിൽ ജയിച്ച ശേഷം കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) ഇന്റർവ്യൂവിന് ക്ഷണിച്ചതായുള്ള വ്യാജ കത്തും കണ്ടെത്തിയിട്ടുണ്ട്. എം ടെക് ബിരുദധാരിയാണെന്നും അഖിലേന്ത്യാ എൻട്രസ് പരീക്ഷയിൽ 118-ാം റാങ്കുകാരൻ ആണെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. അതേസമയം ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഇയാളുടെ യോഗ്യത. അരുണിന്റെ ഭാര്യ ഡി.ആർ.ഡി.ഒക്ക് അയച്ച പരാതിയെ തുടർന്നാണ് തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവന്നതും അറസ്റ്റിലേക്ക് നയിച്ചതും. കേന്ദ്ര മന്ത്രിമാർ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുമായി ഇയാള്‍ക്കുള്ള ബന്ധം വിവാദമായിരിക്കുകയാണ്.