ചാര്‍ട്ടേര്‍ഡ് വിമാനം വരെ സര്‍ക്കാര്‍ ചെലവില്‍ സൗജന്യം ! ഇത് ഫിലിപ്പീന്‍സ് മാതൃക : പ്രവാസി മലയാളികള്‍ക്ക് സ്വന്തം നാടിന്‍റെ വിവേചനം തുടരുന്നു | VIDEO

B.S. Shiju
Tuesday, June 16, 2020

ദുബായ് : കൊവിഡ് ദുരിതക്കാലത്ത് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരെ അമിത നിരക്ക് കൊടുത്ത് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍, യുഎഇയിലെ ഫിലിപ്പീന്‍സ് സമൂഹം മടങ്ങുന്നത് സൗജന്യ വിമാന ടിക്കറ്റുമായി. ഇപ്രകാരം, ദുബായില്‍ നിന്നും ഫിലീപ്പിന്‍സിലേക്കുള്ള, ആദ്യ സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാനം പറന്നുയര്‍ന്നു. പൂര്‍ണ്ണമായും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പിലാണ് ഈ ആശ്വാസ യാത്ര തുടരുന്നത്.

പ്രവാസികളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ഫിലീപ്പീന്‍സ്

മിഡില്‍ ഈസ്റ്റില്‍ പ്രത്യേകിച്ച്, യുഎഇയില്‍, ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍, ഏറ്റവും വലിയ വിദേശി സമൂഹമാണ് ഫിലിപ്പീന്‍സ് സ്വദേശികള്‍. ഇപ്രകാരം, പ്രത്യേക വിമാനങ്ങള്‍ ഒരുക്കി , സ്വന്തം രാജ്യക്കാരെ, ഫിലീപ്പീന്‍സിലേക്ക് കൊണ്ടു പോയതിന് പിന്നാലെയാണ്, ഈ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനവും പറന്നുയര്‍ന്നത്.  ഫിലീപ്പീന്‍സ് ഗവര്‍മെന്‍റ് സ്‌പോണ്‍സര്‍ ചെയ്ത ആദ്യ വിമാനമാണ് ഇതെന്ന് ദുബായിലെ ഫിലിപ്പീന്‍സ് കോണ്‍സല്‍ ജനറലിനെ ഉദ്ധരിച്ച് , വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 382 യാത്രക്കാരാണ് ഇതില്‍ ഉണ്ടായത്. ഫിലീപ്പീന്‍സ് ഫോറിന്‍ അഫയേഴ്‌സ് (ഡി എഫ് എ ) ആണ് വിമാനം ചാര്‍ട്ട് ചെയ്തത്. കൊവിഡ് മഹാമാരി മൂലം, ജോലി നഷ്ടപ്പെട്ട പ്രവാസികളെയും രോഗികളെയും വീസാ കാലാവധി കഴിഞ്ഞവരെയും മറ്റും ഇപ്രകാരം സ്വന്തം നാട്ടില്‍ എത്തിച്ച് വരുകയാണെന്ന് ഫിലിപ്പൈന്‍സ് കോണ്‍സല്‍ ജനറല്‍ പോള്‍ റെയ്മണ്ട് പറഞ്ഞു.

നാട്ടിലെത്തിക്കാന്‍ വിമാന-കപ്പല്‍ സര്‍വീസുകള്‍

നേരത്തെ, ഏപ്രില്‍, മെയ് മാസങ്ങളില്‍ നിരവധി പേരെ വിമാന മാര്‍ഗം ഫിലിപ്പീന്‍സുകാര്‍ തിരിച്ച് അയച്ചിരുന്നു. കൂടാതെ, കപ്പല്‍ മാര്‍ഗവും  നൂറുകണക്കിന് പേരെ സ്വന്തം മാതൃരാജ്യത്തേക്ക് മടക്കി അയച്ചു വരുകയാണ്. എന്നാല്‍, ഇന്ത്യക്കാരുടെ കപ്പല്‍ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ഇതുവരെ ഗള്‍ഫിലെ ഒരു തീരത്ത് പോലും ഇന്ത്യയുടെ കപ്പല്‍ എത്തിയിട്ടില്ല. കപ്പല്‍ അയക്കുമെന്ന പ്രഖ്യാപനവും ജലരേഖയായി മാറി. വിദേശത്ത് താമസിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍, നിങ്ങളെ നാട്ടിലേക്ക് കൊണ്ടുവരാന്‍, ഞങ്ങള്‍ തയ്യാറാണ് എന്ന വിദേശകാര്യ വകുപ്പിന്‍റെ പ്രഖ്യാപനവും ഈ രാജ്യക്കാര്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കിയിരുന്നു.

“പ്രവാസികളോട് സ്വന്തം നാടിന് വിവേചനം മാത്രം “

എന്നാല്‍,  ഇന്ത്യയിലേക്ക് , പ്രത്യേകിച്ച് കേരളത്തിലേക്ക്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ എണ്ണം കൂട്ടിയതോടെ, വലിയ നിരക്കാണെന്ന ആക്ഷേപം ഉയര്‍ന്നു വരുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ വന്ദേഭാരത് മിഷന്‍റെ ഇരട്ടിയോളമാണ് പല രാജ്യങ്ങളും  ടിക്കറ്റ് നിരക്ക് ഈടാക്കുന്നതെന്നാണ് പരാതി. ഇപ്രകാരം, ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ പേരില്‍, ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാരും, കേരള സര്‍ക്കാരും , പ്രവാസികളോട് തുടരുന്ന, വിവേചനം വലിയ വിവാദം ആകുമ്പോഴാണ്, ഈ ഫിലിപ്പീന്‍സ് മാതൃക കൈയ്യടി നേടുന്നത്. അതേസമയം, ഫിലിപ്പീസിനെ കൂടാതെ മറ്റു ചില രാജ്യങ്ങളും നേരത്തെ തങ്ങളുടെ പ്രവാസികളെ സൗജന്യമായി നാട്ടില്‍ എത്തിച്ച് മാതൃക കാട്ടിയിരുന്നു.