ദുബായ് : യുഎഇയില്‍ ഫെബ്രുവരി 29ന് മുമ്പായി, വീസാ കാലാവധി കഴിഞ്ഞവര്‍ ഉടന്‍ രാജ്യം വിടണമെന്ന് നിര്‍ദേശം. ഇതനുസരിച്ച്, ഇത്തരക്കാര്‍ക്ക് ഓഗസ്റ്റ് 18 നു ശേഷം വീസാ കാലാവധിയില്‍ ഇളവ് ഉണ്ടാകില്ലെന്ന് , അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, കൊവിഡിന്റെ പശ്ചാത്തലത്തില്‍, മാര്‍ച്ച് ഒന്നിനു ശേഷം വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് , നേരത്തെ അറിയിച്ച പ്രകാരം, ഡിസംബര്‍ 31 വരെ ഇത് നീട്ടി നല്‍കിയിട്ടുണ്ട്. ഇപ്രകാരം, ഏപ്രില്‍ ഒന്നിന് മുമ്പ് വീസാ കാലാവധി കഴിഞ്ഞവര്‍ രാജ്യം വിടാന്‍ സന്നദ്ധരാകണം. നിയമലംഘനത്തിനുള്ള ഇളവ് ലഭിക്കാന്‍ എല്ലാവരും ഈ വ്യവസ്ഥ പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് 800 453 നമ്പറില്‍ ബന്ധപ്പെടണം. അവധി ദിനങ്ങള്‍ ഒഴികെ രാവിലെ 8 മുതല്‍ രാത്രി 10 വരെ വിളിക്കാം.
“വിമാനങ്ങളുടെ ലഭ്യതയനുസരിച്ച് രാജ്യം വിടണം”
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക പദ്ധതി പ്രകാരമാണ് നിയമലംഘകര്‍ക്ക് രാജ്യം വിടാന്‍ വഴിയൊരുക്കുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് ഒന്നിനു ശേഷം വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് നേരത്തെ അറിയിച്ച പ്രകാരം ഡിസംബര്‍ 31 വരെ ഇത് നീട്ടിയിട്ടുണ്ട്. വിമാനങ്ങളുടെ ലഭ്യതയനുസരിച്ച് അവര്‍ക്ക് ഈ കാലാവധിക്കുള്ളില്‍ രാജ്യം വിടാം. എന്നാല്‍, അതിനു മുന്‍പ് വീസാ കാലാവധി കഴിഞ്ഞ് യുഎഇയില്‍ കഴിയുന്നവര്‍ ഉടന്‍ രാജ്യം വിടണമെന്നാണ് പുതിയ നിര്‍ദേശം. യുഎഇയില്‍ താമസകുടിയേറ്റ വകുപ്പ് നിയമം ലംഘിച്ച് കഴിയുന്നവര്‍ക്ക് രാജ്യം വിടാനുള്ള അവസാന അവസരം കൂടിയാണിത്. ദുബായ് രാജ്യാന്തര വിമാനത്താവളം വഴി രാജ്യം വിടുന്നവര്‍ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ സൂക്ഷ്മപരിശോധനകള്‍ക്കായി അധികൃതരുമായി ബന്ധപ്പെടണം. അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളങ്ങള്‍ വഴി രാജ്യം വിടുന്നവര്‍ ആറ് മണിക്കൂര്‍ മുന്‍പേ വിമാനത്താവളങ്ങളില്‍ എത്തണമെന്നാണു നിര്‍ദേശം. വിമാന ടിക്കറ്റും ബോഡിങ്ങ് പാസും കയ്യില്‍ കരുതണം.
ഒരു ദിവസം മാത്രം വീസാ കാലാവധി ഉള്ളവര്‍ക്ക്, യുഎഇയിലേക്ക് മടങ്ങിയെത്താം
ഇതിനിടെ, മൂന്നുമാസ വീസ കാലാവധിയെങ്കിലും ഉള്ളവരെ മാത്രമേ, യുഎഇയിലേക്ക് മടങ്ങാന്‍ അനുവദിക്കൂ എന്ന ഇന്ത്യയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ ആശങ്ക വേണ്ടെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. ഒരു ദിവസം മാത്രം താമസ വീസാ കാലാവധി ഉള്ളവര്‍ക്കും, യുഎഇയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് കോണ്‍സല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. വിദേശ രാജ്യത്തേക്ക് മടങ്ങാന്‍ മൂന്നു മാസ കാലാവധി നിര്‍ബന്ധമാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ ആശങ്കയും പ്രതിഷേധവും ശക്തമായ സാഹചര്യത്തിലാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വിശദീകരണം.