ഒമാനില്‍ ഇനി ജോലി മാറാന്‍ എന്‍ ഒ സി ആവശ്യമില്ല: ആറു വര്‍ഷം മുമ്പത്തെ നിയമം പൊളിച്ചെഴുതി; രണ്ടു വര്‍ഷത്തെ വീസാ വിലക്കും ഇനി ഇല്ലാതാകും

Jaihind News Bureau
Sunday, June 7, 2020

 

മസ്‌കറ്റ് : ഒമാനില്‍ സ്വകാര്യ മേഖലയില്‍ ജോലി മാറുന്നതിന് ഏര്‍പ്പെടുത്തിയിരുന്നു, എന്‍ഒസി നിര്‍ബന്ധം എന്ന നിയമം എടുത്തു കളഞ്ഞു. മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് നടപടി. 2014 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന എന്‍ ഒ സി നിയമം മൂലം, ആയിരക്കണക്കിന് തൊഴിലാളികള്‍ പ്രതിസന്ധിയിലാക്കിയിരുന്നു. തൊഴില്‍ മേഖലകളില്‍ കൊവിഡ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ക്കിടെയാണ് ഈ മാറ്റം.

ഇതനുസരിച്ച്, വീസ റദ്ദാക്കി പോകുന്നവര്‍ക്ക് പുതിയ തൊഴില്‍ വീസയില്‍ വരുന്നതിന് പഴയ സ്‌പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ( എന്‍ ഒ സി ) ഇനി ആവശ്യമില്ല. നേരത്തെ ഇത് നിര്‍ബന്ധമായിരുന്നു. എന്‍ ഒസി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കു രണ്ടു വര്‍ഷത്തേക്ക് വീസാ നിരോധവും ഒമാനില്‍ ഏര്‍പ്പെടുത്തിയിരുന്നു. പുതിയ അവസരങ്ങള്‍ ലഭിച്ചിട്ടും കമ്പനികള്‍ മാറുന്നതിന് എന്‍ഒസി നിയമം വലിയ തടസമായിരുന്നു. മാത്രവുമല്ല, എന്‍ഒസി നിയമം വഴി കമ്പനികള്‍ തൊഴിലാളികളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതിനും കാരണമായെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ കടുത്ത നിയമയങ്ങളില്‍ കൂടിയാണ് ഒമാന്‍ ഇപ്പോള്‍ ആശ്വാസം നല്‍കിയത്.