കൊവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ ജാഗ്രത : അബുദാബിയില്‍ ഒരാഴ്ച നീളുന്ന പ്രവേശന വിലക്ക് ; ജൂണ്‍ 2 മുതല്‍ അകത്തും പുറത്തും യാത്രാനിയന്ത്രണം

Jaihind News Bureau
Monday, June 1, 2020

അബുദാബി : യുഎഇ തലസ്ഥാനമായ അബുദാബി എമിറേറ്റില്‍, ചൊവ്വാഴ്ച ( ജൂണ്‍ 2 ) മുതല്‍ പ്രഖ്യാപിച്ച ഒരാഴ്ചത്തെ പ്രവേശനവിലക്കിന് പ്രധാന കാരണം കൊവിഡ് വ്യാപനം തടയാനുള്ള കൂടുതല്‍ കടുത്ത ജാഗ്രത നടപടികളുടെ ഭാഗമെന്ന് റിപ്പോര്‍ട്ട്. ഇതനുസരിച്ച്, അബുദാബി എമിറേറ്റില്‍ നിന്ന് പുറത്തേക്കും മറ്റു നഗരങ്ങളില്‍ നിന്ന് അകത്തേക്കും യാത്ര അനുവദിക്കില്ലെന്ന് അബുദാബി ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്.

അബുദാബി എമിറേറിലെ മേഖലകളായ അല്‍ ഐന്‍, അല്‍ ദഫ്‌റ, അബുദാബി മേഖലകള്‍ക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. അവശ്യമേഖലയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍, സ്വകാര്യമേഖലാ ജീവനക്കാരെ ഇതില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. മറ്റ് എമിറേറ്റുകളില്‍ താമസിച്ച് അബുദാബിയില്‍ ജോലി ചെയ്യുന്നവരും, വിവിധ മേഖലകള്‍ക്ക് ഇടയില്‍ യാത്രചെയ്യുന്നവരും ഈ ദിവസങ്ങളില്‍ ജാഗ്രത പാലിക്കണം. ഇതനുസരിച്ച്, പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമേ യാത്ര അനുവാദമുള്ളൂ. എന്നാല്‍, ബീച്ചുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ ആകെ ശേഷിയുടെ 40 ശതമാനം പേര്‍ക്ക് തുറന്നു കൊടുക്കും. വ്യായാമത്തിനും മറ്റും പുറത്തിറങ്ങുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സൗജന്യ കവിഡ് പരിശോധന ജനസാന്ദ്രതയേറിയ മേഖലകളിലേക്കും വ്യാപിപ്പിച്ചു. താമസ കേന്ദ്രങ്ങളില്‍ വൈറസ് വ്യാപനം തടഞ്ഞ് പൊതുജന ആരോഗ്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തത്തിലൂടെ വൈറസ് വ്യാപനം തടയാനുള്ള വന്‍ പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നതെന്നും ആരോഗ്യവിഭാഗം പറഞ്ഞു. ദേശീയ കോവിഡ് പരിശോധന പദ്ധതി അനുസരിച്ച് 3.35 ലക്ഷം പേരുടെ കോവിഡ് പരിശോധന മുസഫയില്‍ പുരോഗമിക്കുകയാണ്