‘അന്ന് എതിര്‍ത്തവര്‍ക്ക് ഇന്ന് വിക്ടേഴ്‌സിനെ വേണം’; ചാനല്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ വികസനപ്പട്ടികയിലെ പൊന്‍തൂവല്‍

Jaihind News Bureau
Sunday, May 31, 2020

 

കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാകാത്തതിനാല്‍ സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കുകയാണ്. വിക്ടേഴ്‌സ് ചാനലിലൂടെയാണ് ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുക. 2005ല്‍ നിലവില്‍ വന്ന വിക്ടേഴ്‌സ് ചാനല്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ വികസനപ്പട്ടികയിലെ പൊന്‍തൂവലുകളിലൊന്നാണ്. ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു ഒരു വിദ്യാഭ്യാസ ചാനലിന് അന്നത്തെ യുഡിഎഫ് സർക്കാർ രൂപം കൊടുത്തത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടേയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ഇ.ടി മുഹമ്മദ് ബഷീറിന്‍റേയും സാന്നിദ്ധ്യത്തില്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമായിരുന്നു ചാനലിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ച എഡ്യൂസാറ്റ് സാറ്റലൈറ്റിന്റെ പ്രയോജനം ഉപയാേഗപ്പെടുത്തിയായിരുന്നു  ചാനലിന്‍റെ രൂപീകരണം.  രൂപീകരണവേളയില്‍ നിരവധി വിമര്‍ശനങ്ങള്‍ സിപിഎമ്മില്‍ നിന്നും ഇടതുപക്ഷത്തില്‍ നിന്നും സര്‍ക്കാരിന് നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ മറികടന്ന് ഐ.എസ്.ആര്‍. ഒയുമായി ചേര്‍ന്ന് ഒട്ടനവധി സംരഭങ്ങള്‍ക്കാണ് അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തില്‍ തുടക്കം കുറിച്ചത്.

എസ്എസ്എല്‍സിക്ക് പതിമൂന്നാമത്തെ വിഷയമായി ഐടി  ഉള്‍പ്പെടുത്തിയപ്പോഴും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ എന്ന സ്ഥാപനത്തെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് എഡ്യൂക്കേഷന്‍ ടെക്‌നോളജി ആയി ഉയര്‍ത്തിയപ്പോഴും ഇടതുപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു. ഐടി പരീക്ഷ ബഹിഷ്‌കരിക്കുമെന്നും മൈക്രോസോഫ്റ്റിന്‍റെ പ്ലാറ്റ്ഫോമില്‍ ഐ.ടി പരീക്ഷ സോഫ്റ്റ് വെയര്‍ നിര്‍മിച്ചത് തെറ്റാണെന്നും ഇവിടെ വേണ്ടത് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ആണെന്നും ചൂണ്ടിക്കാട്ടി കനത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.

വിക്ടേഴ്‌സ് ചാനലിലൂടെ നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനിരിക്കെ ചാനല്‍ രൂപീകരണവേളയിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ഇ.ടി മുഹമ്മദ് ബഷീറും രംഗത്തെത്തി. ‘വിദൂര വിദ്യാഭ്യാസത്തിന്റെ അനന്തമായ സാധ്യതകളും ഐസിടിയുടെ  സാങ്കേതിക മികവുകളും നമ്മുടെ കുട്ടികൾക്കും കിട്ടട്ടെ എന്നായിരുന്നു സങ്കൽപ്പം. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രയോജനാത്മകതകളും കേരളത്തിന്റെ സർഗാത്മാകതയും നമ്മുടെ കുട്ടികളെ ഉന്നതിയിലെത്തിക്കുമല്ലോ എന്ന ആഗ്രഹവും നമുക്കുണ്ടായിരുന്നു. എന്നാൽ വിക്ടേഴ്‌സിന് ഉന്നതമായ ലക്ഷ്യപ്രാപ്തി കൈവരിക്കാനുള്ള തടസ്സം പരമ്പരാഗത പഠന പ്രക്രിയയോട് വിട പറയാനുള്ള നമ്മുടെ മടിയായിരുന്നു. പക്ഷെ പാവം വിക്ടർ നാടുനീങ്ങിയില്ല. ഇപ്പോൾ നമ്മൾ കുടുക്കിലായപ്പോൾ വിക്ടർ പറഞ്ഞു. “പേടിക്കണ്ട, ഞാനുണ്ട് കൂടെ ” അങ്ങനെ കുട്ടികളെ വിക്ടറി പീഠത്തിലെത്തിക്കാൻ വിക്ടർ വർധിത വീര്യത്തോടെ വീണ്ടും വരുന്നു. സ്വാഗതം. ഓൺലൈൻ വിദ്യാഭ്യാസത്തിന് നന്മ നേരുന്നു ‘- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.