ലോക് ഡൗണിൽ ഛത്തീസ്ഗഡിലെ റായ്പൂരിൽ കുടുങ്ങിയ മലയാളി നഴ്സിംഗ്, മെഡിക്കൽ വിദ്യാർഥികൾ കേരളത്തിൽ എത്തി. ഇവർക്കു മടങ്ങാൻ സൗകര്യം ഒരുക്കിയതു മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി, മലയാളിയായ ചീഫ് ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോൻ, ചാണ്ടി ഉമ്മൻ എന്നിവരുടെ ഇടപെടൽ. ലോക് ഡൗണിനു മുൻപ് ഇവർ നാട്ടിലേക്കു വരാൻ ശ്രമം നടത്തിയെങ്കിലും കേരളത്തിൽ കൊവിഡ് റിപ്പോർട്ട് ചെയ്തിരുന്നതിനാൽ അനുമതി ലഭിച്ചില്ല. പിന്നീട് രാജ്യത്ത് മുഴുവന്‍ സ്ഥിതിഗതികള്‍ മാറുകയും മാസങ്ങളോളം അവിടെ കുടുങ്ങുകയുമായിരുന്നു.
പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് യു.യു.സി മുഹമ്മദ് റിയാസ് ആണ് വിദ്യാർത്ഥികളുടെ ദയനീയാവസ്ഥയെക്കുറിച്ച് ഉമ്മന്‍ ചാണ്ടിയുടെയും ചാണ്ടി ഉമ്മന്റെയും ശ്രദ്ധയില്‍ പെടുത്തിയത്. തുടർന്നു ഇവരുടെ ആവശ്യപ്രകാരം റായ്പൂർ എംഎൽഎ വികാസ് ഉപാധ്യായ് വിദ്യാർഥികളുമായി ബന്ധപ്പെടുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ഛത്തിസ്ഗഡ് സർക്കാരും ഛത്തിസ്ഗഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും പൂർണ്ണ പിന്തുണയും സഹായവും നല്കി സഹകരിച്ചതോടെ വിദ്യാർത്ഥികള്‍ക്ക് കേരളത്തിലേയ്ക്കുള്ള യാത്രക്ക് വഴി ഒരുങ്ങി.
മലയാളിയായ ചീഫ് ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോന്റെ ഇടപെടലും ഈ യത്നം സാക്ഷാത്കരിക്കാൻ സഹായകമായി.
മലപ്പുറം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ ആയിരുന്നു സംഘാംഗങ്ങള്‍. സുരക്ഷിതമായി വീടെത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും.
അറുപതോളം വിദ്യാഥികളാണ് ചത്തീസ്ഗഡ് സർക്കാർ ഒരുക്കിയ 3 ബസുകളിലായി 22ന് കേരളത്തിലേക്കു യാത്ര തിരിച്ചത്. ഭക്ഷണം, വെള്ളം അടക്കം എല്ലാ ക്രമീകരണങ്ങളും ബസ്സുകളിൽ ഒരുക്കിയിരുന്നു. വാളയാർ വഴി നാട്ടിലെത്തിയ ഇവരുടെ യാത്രാ ചെലവ് ഛത്തീസ്ഗഡ് സർക്കാരാണ് വഹിച്ചത്.