ക്വാറന്‍റൈന്‍ വിവാദം : ഇടതുപക്ഷ സര്‍ക്കാരിന്‍റെ ശോഭ കെടുത്തുന്നു ; പരസ്യ പ്രതിഷേധവുമായ് സിപിഐ അനുഭാവ പ്രവാസി സംഘടനയായ യുവകലാസാഹിതി രംഗത്ത്

Jaihind News Bureau
Wednesday, May 27, 2020

ദുബായ് : നാട്ടിലേക്ക് മടങ്ങിപ്പോകുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുനുള്ള കേരള സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ യുഎഇയിലെ സി പി ഐ അനുഭാവ പ്രവാസി കലാ-സാംസ്‌കാരിക കൂട്ടായ്മയായ,  യുവകലാസാഹിതി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇടതുപക്ഷ സര്‍ക്കാരിന്‍റെ ശോഭ കെടുത്തുന്ന നടപടിയായി  ഇത് മാറിയേക്കാമെന്നും അര്‍ഹരായ മനുഷ്യര്‍ക്ക് എങ്കിലും ഈ സേവനങ്ങള്‍ സൗജന്യമായി ലഭിക്കാന്‍ സര്‍ക്കാര്‍ നടപടി ഉറപ്പുവരുത്തണമെന്നും ദുബായ് ഘടകം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ശക്തമായ പ്രതിഷേധം യുവകലാസാഹിതി ഫെയ്‌സ്ബുക്ക് പേജില്‍ തുറന്നെഴുതി.

തൊഴില്‍ നഷ്ടപെട്ടവര്‍ക്കും, തൊഴില്‍ ലഭിക്കാതെ മടങ്ങുന്ന സന്ദര്‍ശക വിസക്കാര്‍ക്കും അടക്കം എല്ലാവരില്‍ നിന്നും ക്വാറന്‍റൈന് പണം ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം കടുത്ത പ്രതിഷേധമാണ്.  അര്‍ഹരായ മനുഷ്യര്‍ക്ക് എങ്കിലും സൗജന്യമായി ഈ സേവനങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

” മറുനാടുകളില്‍ മരിക്കുന്ന മലയാളികളുടെ കുടുംബത്തിന് കേരള സര്‍ക്കാര്‍ സാമ്പത്തിക സഹായം ഉറപ്പാക്കണം”

ഗള്‍ഫുനാടുകളില്‍ നിരവധി മലയാളികള്‍ കൊറോണ ബാധിച്ച് മരണമടയുന്നു. അവരുടെ മൃതദേഹങ്ങള്‍ അതാതു സ്ഥലങ്ങളില്‍ സംസ്‌ക്കരിക്കുകയാണ് ചെയ്യുന്നത്. ഈ അവസ്ഥയില്‍ രോഗംമൂലം മറുനാടുകളില്‍ മരിക്കുന്ന മലയാളികളുടെ  കുടുംബത്തിന് , സാമ്പത്തിക സഹായം എത്തിക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകമെന്ന് യുവകലാസാഹിതി യുഎഇ സംഘടനാ കമ്മിറ്റി കണ്‍വീനര്‍ പ്രശാന്ത് ആലപ്പുഴ, പ്രസിഡന്‍റ്  ബാബു വടകര, ജനറല്‍ സെക്രട്ടറി വില്‍സണ്‍ തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.