‘കൂടണയും വരെ കൂടെയുണ്ട്’; സമൂഹമാധ്യമങ്ങളില്‍ തരംഗമായി കോണ്‍ഗ്രസിന്‍റെ പ്രൊഫൈല്‍ പിക്ചര്‍ ക്യാംപെയ്ന്‍; പങ്കുചേര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും

Jaihind News Bureau
Tuesday, May 19, 2020

 

സമൂഹമാധ്യമങ്ങളില്‍ തരംഗമായി കോണ്‍ഗ്രസിന്റെ ‘കൂടണയും വരെ കൂടെയുണ്ട്’ പ്രൊഫൈല്‍ പിക്ചര്‍ ക്യാംപെയ്ന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളായ ഉമ്മന്‍ ചാണ്ടി, എ.കെ ആന്‍റണി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖനേതാക്കളും ജനപ്രതിനിധികളും പ്രവര്‍ത്തകരും ക്യാംപെയിനില്‍ പങ്കുചേര്‍ന്നു.

പ്രവാസികള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്കും പിന്തുണയര്‍പ്പിച്ച് ഫേസ്ബുക്കിലെ സൈബര്‍ കോണ്‍ഗ്രസ് എന്ന പേജ് വഴിയാണ് ത്രിവര്‍ണ നിറത്തില്‍ ഒരുക്കിയ പ്രൊഫൈല്‍ പിക്ചര്‍ ടെംപ്ലേറ്റ് പുറത്തിറക്കിയത്. തുടര്‍ന്ന് കെപിസിസി ഐടി സെല്ലും ക്യാംപെയ്ന്‍ ഏറ്റെടുത്തതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ ക്യാംപെയ്ന്‍ വൈറലാകുകയായിരുന്നു.

സൈബര്‍ ഇടങ്ങളില്‍ സജീവമായ പ്രവാസികൂടിയായ നാസര്‍ പട്ടിത്തടമാണ് ക്യാംപെയിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ക്യാംപെയിന്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായതിനു പിന്നാലെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും അഭിനന്ദനപ്രവാഹമാണ് നാസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ തന്നെ വിളിച്ച് അഭിനന്ദിച്ചതായി നാസര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘അണികളുടെ ആവേശം നേതൃത്വം ഇരു കൈയ്യും നീട്ടി സ്വീകരിച്ച് അവരോടൊപ്പം ചേർന്ന് സ്വന്തം പ്രൊഫൈലുകൾ മൂവർണ്ണം ചാർത്തിയപ്പോൾ നാം സാക്ഷിയായത് പാർട്ടിയുടെ സൈബർ ലോകത്തെ പുതു ചരിത്രത്തിനാണ്.’- നാസര്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ലോക്ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളേയും ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളേയും നാട്ടിലെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ പരാജയമാണെന്ന് തുടക്കം മുതല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്കും മറുനാടന്‍ മലയാളികള്‍ക്കും യാത്രക്ക് വഴിയൊരുങ്ങിയതില്‍  മുഖ്യ പങ്കുവഹിച്ചത് കോണ്‍ഗ്രസ് ആണ്.  ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ്  ക്യാംപെയിനിന്‍റെ വിജയത്തിനു പിന്നില്‍.