അതിഥി തൊഴിലാളികള്‍ക്ക് യാത്രാചെലവിനത്തില്‍ തുക നല്‍കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ ഡിസിസിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ ഡിസിസി പ്രസിഡന്റ് എം.ലിജു ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്കി.
അതിഥി തൊഴിലാളികൾക്കായി ഡിസിസി തയ്യാറാക്കിയ ചെക്കിൽ രേഖപ്പെടുത്തിയിരുന്ന 10,60200 രൂപ ഡിസിസിയുടെ അക്കൗണ്ടിൽ ചെക്ക് തയ്യാറാക്കിയ മെയ് 5-ാം തീയതി ഇല്ലായിരുന്നു എന്നാണ് ബിന സണ്ണി എന്ന ഫേസ്ബുക്ക് ഐഡിയിലൂടെ പ്രചരിപ്പിച്ചത്.
എന്നാല്‍ ആരോപണം വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് ഡിസിസി പ്രസിഡന്റ് എം.ലിജു ഫേസ്ബുക്കില്‍ കുറിച്ചു. ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അക്കൗണ്ടിൽ ചെക്ക് തുകക്ക് മുകളിലുള്ള തുക ചെക് ഡേറ്റായ മെയ് 5 നു മുൻപും ശേഷവും ഇപ്പോഴും ഉള്ളതാണെന്നും ചെക്ക് ഡേറ്റിലും മുൻ ദിവസത്തിലും ഇപ്പോഴും ഡിസിസി യുടെ അക്കൗണ്ടിൽ ചെക് തുകയേക്കാൾ പണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് തെളിയിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്കിന്റെ സ്റ്റേറ്റ്മെന്റും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.