മൂന്നാംഘട്ട ലോക്ഡൗണിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്തെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുർജെവാല. മുന്നോട്ടുള്ള പ്രയാണത്തിൽ ഇനി എന്തെന്ന് ഇതുവരെ വ്യക്തമല്ല. കഷ്ടത അനുഭവിക്കുന്ന ഒരു വലിയ വിഭാഗം ഇപ്പോഴും രാജ്യത്തുണ്ട്. കൊവിഡ് പ്രതിരോധത്തിൽ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയപ്പോൾ ഒരു വിശദീകരണവും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ലോക്ഡൗണുമായി ബന്ധപ്പെട്ട രാജ്യത്തെ സാഹചര്യം അറിയാൻ ജനങ്ങൾക്ക് അവകാശം ഉണ്ട്. മേയ് 17 ന് ശേഷം എന്ത് എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തത ഇല്ല. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഒരു പദ്ധതിയും ഇതുവരെ സർക്കാർ ആവിഷ്കരിച്ചതായി അറിവില്ല. പാവപ്പെട്ടവർ, കർഷകർ ഉൾപ്പെടെ നിരവധി പേർ പ്രതിസന്ധി നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിനെതിരായി ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്. കോണ്‍ഗ്രസ് പ്രവർത്തക സമിതി മുന്നോട്ട് വെച്ച സാമ്പത്തിക നിർദ്ദേശങ്ങൾ ഇതുവരെ കേന്ദ്ര സർക്കാർ നടപ്പാക്കിയില്ല. ഇവ നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കോണ്‍ഗ്രസ് വക്താവ് ആവശ്യപ്പെട്ടു.