കെ.എം ഷാജി എം.എൽ.എക്കെതിരെ കേസെടുത്ത നടപടി; മുഖ്യമന്ത്രി അന്തസില്ലാത്ത ഭീരുവിനെപ്പോലെ പെരുമാറുന്നു: സതീശൻ പാച്ചേനി

Jaihind News Bureau
Friday, April 17, 2020

 

കെ.എം ഷാജി എം.എല്‍.എക്കെതിരെ കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടി അന്തസില്ലാത്തതെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി. മുഖ്യമന്ത്രി ഭീരുവിനെപ്പോലെ പെരുമാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യ ഭരണസംവിധാനത്തിൽ വിമർശനങ്ങളും ആക്ഷേപങ്ങളും ഭരണാധികാരിയുടെ പോരായ്മകൾ പരിഹരിക്കാൻ ഉപകരിക്കുമെന്ന അടിസ്ഥാന തത്വം പോലും മനസിലാക്കാതെയാണ് കെ.എം ഷാജി എം.എൽ.എക്കെതിരെ കേസെടുത്തത്.

ഭരണകൂടത്തിന്‍റെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് രാഷ്ട്രീയപരമായ വിമർശനങ്ങളാണ് കെ.എം ഷാജി എം.എൽ.എ ഉയർത്തിയത്. രാഷ്ട്രീയപരമായി അത് നേരിടാൻ കഴിയാതെ വന്നപ്പോൾ കമ്യൂണിസ്റ്റ് ഏകാധിപത്യ ഭരണാധികാരികൾ സ്വീകരിക്കുന്ന വിലകുറഞ്ഞ തന്ത്രം തന്നെയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. എതിരാളികളെ കൊലപ്പെടുത്തുകയോ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ഇല്ലാതാക്കുകയോ കള്ളക്കേസിൽ കുടുക്കുകയോ ചെയ്യുക എന്നതാണ് ഏകാധിപത്യ ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ ശൈലി. ജനങ്ങളുടെ മുന്നിൽ നാണംകെട്ടപ്പോൾ പിണറായി സ്വീകരിക്കുന്നത് ഇതേ രീതിയാണെന്നു സതീശന്‍ പാച്ചേനി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമായാണ് ചെലവഴിക്കേണ്ടത്. ചെറിയകുട്ടികളുടെ സമ്പാദ്യം ഉൾപ്പെടെയുള്ള ജനങ്ങൾ നൽകുന്ന സംഭാവനകൾ സ്വാർത്ഥ താല്‍പര്യത്തിന് ദുരുപയോഗം ചെയ്യുന്ന ഭരണകൂട നടപടിയെയാണ് കെ.എം ഷാജി എം.എൽ.എ ചെയ്തത്. സ്പ്രിങ്ക്ളർ ഇടപാടിൽ ജനങ്ങളുടെ മുന്നിൽ ഒറ്റപ്പെട്ട മുഖ്യമന്ത്രിയുടെ അസഹിഷ്ണുതാ നടപടിയാണ് കെ.എം ഷാജിക്കെതിരെ കേസെടുത്തതിലൂടെ ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്നും ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.