പത്തനംതിട്ട: കൊവിഡ് നിരീക്ഷണത്തിലായിരുന്ന വിദ്യാർത്ഥിനിയുടെ വീട് ആക്രമിച്ച സംഭവത്തിൽ പ്രതിക്കൂട്ടിലായി സിപിഎം. ലോക്കല് സെക്രട്ടറിയുടെ സഹോദരനടക്കമുള്ള പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുവാൻ ഇന്ന് അടിയന്തര ജില്ലാ കമ്മിറ്റി കൂടും. നിരീക്ഷണത്തിലിരുന്നയാളുടെ വീട് ആക്രമിച്ച സംഭ വത്തിൽ പാർട്ടിക്കുള്ളിലും ഭിന്നത. എന്നാൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകരായ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന ആക്ഷേപവും ഉയരുന്നു.
ചൊവ്വാഴ്ച്ച രാത്രിയിലാണ് പത്തനംതിട്ട തണ്ണിത്തോട്ടുള്ള നിരീക്ഷണത്തിലിരുന്ന വിദ്യാർത്ഥിനിയുടെ വീടിന് നേരെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ പിതാവ് പുറത്തിറങ്ങി എന്നാരോപിച്ചാണ് വീടിന്റെ വാതിലുകളും ജനൽചില്ലുകളും തകർത്തത്. സംഭവത്തിൽ ലോക്കൽ സെക്രട്ടറിയുടെ സഹോദരനടക്കം 6 പേർക്കെതിരെ പൊലീസ് കേസെടുത്തങ്കിലും പിടികൂടിയ മൂന്ന് പേർക്കെതിരെ തണ്ണിത്തോട് പോലീസ് നിസാര വകുപ്പുകളിട്ട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
സംഭവത്തിൽ സിപിഎം പ്രതിരോധത്തിലായതിനൊപ്പം പ്രതികൾ പ്രദേശത്ത് സ്ഥിരമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരാണന്നുള്ളത് നാട്ടുകാരിലും പാർട്ടി പ്രവർത്തകർക്കിടയിലും പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാൽ പ്രാദേശിക പാർട്ടി നേതൃത്വവും സ്ഥലം MLA ജനീഷ് കുമാറും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇവരുടെ സമ്മർദ്ധത്താലാണ് പിടി കുടിയ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. ഇത് പാർട്ടിയിൽ തന്നെ ചേരിതിരിവിന് ഇടയാക്കി. പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇന്ന് അടിയന്തിര ജില്ലാ കമ്മിറ്റി കൂടുന്നത്. ജില്ലാ കമ്മിറ്റിയിൽ പ്രതികളെ സംരക്ഷിക്കണമെന്ന നിലപാടിൽ തന്നെ ഉറച്ചു നൽകുവാനാണ് പ്രാദേശിക നേതാക്കളുടെ തീരുമാനം. ഇത് ഒരിടവേളക്ക് ശേഷം ജില്ലയിൽ സിപിഎമ്മിൽ ഗ്രൂപ്പ് പോര് രൂക്ഷമാക്കും