കൊവിഡ് വെല്ലുവിളി നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഞ്ചിന നിർദേശങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കൊവിഡ് വെല്ലുവിളി നേരിടാന്‍ നിർദേശങ്ങളുണ്ടെങ്കില്‍ അറിയിക്കണമെന്ന് പ്രധാനമന്ത്രി സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കത്ത്.
സോണിയാ ഗാന്ധിയുടെ കത്തിന്റെ പൂര്‍ണ രൂപം:
പ്രിയ പ്രധാനമന്ത്രീ,
ഇന്നലെ ഫോണിൽ സംസാരിച്ചപ്പോൾ കോവിഡ് 19 വെല്ലുവിളിയെ നേരിടാന്‍ നിര്ദശങ്ങളുണ്ടെങ്കില് അറിയിക്കണമെന്ന് താങ്കള്‍ പറഞ്ഞിരുന്നല്ലോ. അതനുസരിച്ചാണ് ഈ കത്ത്. താങ്കള്‍ക്ക് ക്ഷേമമാണെന്ന് കരുതുന്നു. പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം മുപ്പത് ശതമാനം വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ചെലവ് ചുരുക്കലിലൂടെയുള്ള ധനസമാഹരണം കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഞാൻ അഞ്ച് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നു. താങ്കള്‍ അവ കണക്കിലെടുക്കുമെന്ന് വിശ്വസിക്കുന്നു
ഒന്ന്
സര്‍ക്കാരും പൊതുമേഖല സ്ഥാപനങ്ങളും ടെലിവിഷന്‍, പത്രം, ഒാണ്‍ലൈന്‍ തുടങ്ങി എല്ലാ മാധ്യമങ്ങളിലൂടെയും പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കുക. കോവിഡ് 19 മായോ പൊതുജനാരോഗ്യവുമായോ ബന്ധപ്പെട്ടവ മാത്രം നല്‍കുക. 1250 കോടി രൂപയാണ് പ്രതിവര്‍ഷം സര്‍ക്കാര്‍ ഇത്തരം പരസ്യങ്ങള്‍ക്ക് ചിലവിടുന്നത്. ( പൊതുമേഖലാ കമ്പനികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പരസ്യങ്ങൾക്ക് ചിലവഴിക്കുന്ന കണക്ക് കൂടാതെയാണ് ഇത്). ഈ പണം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.
രണ്ട്
20,000 കോടിയുടെ ‘സെന്‍ട്രല്‍ വിസ്ത’ നിര്‍മാണ, സൗന്ദര്യവല്‍ക്കരണ പദ്ധതി ഉപേക്ഷിക്കുക. ഈ കാലഘട്ടത്തില്‍ അത്തരമൊരു പദ്ധതി അധികപ്പറ്റാണ് ( തോന്ന്യാസമാണ്). നിലവിലുള്ള ചരിത്രമുറങ്ങുന്ന കെട്ടിടത്തില്‍ പാര്‍ലമെന്റ് നടപടികള്‍ ഭംഗിയായി നടത്താനാവും. പ്രതിസന്ധിഘട്ടം അവസാനിക്കുന്നതുവരെ ഈ പദ്ധതി നീട്ടിവയ്ക്കുന്നതിന് ഒരു തടസവുമില്ല. ഈ പണം പുതിയ ആശുപത്രികളും പരിശോധന കേന്ദ്രങ്ങളും നിര്‍മിക്കുന്നതിനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും ഉപയോഗിക്കണം.
മൂന്ന്
കേന്ദ്രസര്‍ക്കാരിന്റെ ചിലവിനത്തിലും 30 ശതമാനം കുറവ് വരുത്തണം. (ശമ്പളം, പെന്ഷന്,കേന്ദ്രപദ്ധതികള്‍ എന്നിവയിലൊഴികെ).ഈ മുപ്പത് ശതമാനം ( പ്രതിവര്‍ഷം ഏതാണ്ട് 2.5 ലക്ഷം കോടി) വരുന്ന തുക ഇതരസംസ്ഥാനക്കാരും അല്ലാത്തവരുമായ തൊഴിലാളികള്‍,കര്‍ഷകര്‍, ചെറുകിട വ്യവസായികള്‍, അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർ എന്നിവരുടെ സാമ്പത്തിക സുരക്ഷയ്ക്കായി മാറ്റി വയ്ക്കനാവും.
നാല്
പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാനമന്ത്രിമാര്‍ എന്നിവരുടെ വിദേശയാത്രകൾ താല്‍ക്കാലികമായി വേണ്ടെന്ന് വയ്ക്കണം. പ്രത്യേക സാഹചര്യങ്ങളില്‍ ഒഴിവാക്കാനാവാത്ത യാത്രകള്‍ പ്രധാനമന്ത്രിയുടെ അനുമതിയോടെ മാത്രം നടത്തുക. ഈ പണവും കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനാവും.
അഞ്ച്
പ്രധാനമന്ത്രി കെയര്‍ ഫണ്ടിലെ മുഴുവന്‍ തുകയും പ്രധാനമന്ത്രി ദേശീയ ദുരിശ്വാസനിധിയിലേക്ക് മാറ്റുക. ഇത് കാര്യക്ഷമതയും സുതാര്യതയും ഉത്തരവാദിത്തവും വര്‍ധിപ്പിക്കുകയും പണം ശരിയായ കാര്യങ്ങള്‍ക്ക് തന്നെ ചിലവാക്കാനിടവരുത്തുകയും ചെയ്യും. രാജ്യത്തെ ധനവിതരണത്തിന് രണ്ട് കേന്ദ്രങ്ങളുണ്ടാകുന്നത് പാഴ് വേലയാണ്. പിഎംഎന്‍ആര്‍എഫില്‍ ഏതാണ്ട് 3800 കോടി രൂപ വിനിയോഗിക്കാതെ കിടപ്പുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത് (2019 സാമ്പത്തിക വര്‍ഷാവസാനത്തെ കണക്ക്) . ഇതിനോടൊപ്പം പിഎം കെയര്‍ ഫണ്ടു കൂടി ചേര്‍ത്താല്‍ രാജ്യത്തെ ദരിദ്രജനവിഭാഗത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകും.
ഈ മഹാമാരിയെ നേരിടാന്‍ ഓരോ ഇന്ത്യക്കാരനും ത്യാഗങ്ങൾ സഹിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും അവര്‍ പാലിക്കുന്നുണ്ട്. നിയമനിര്‍മാണസഭയും സര്‍ക്കാരും ആ വിശ്വസ്ഥതയും ആത്മാര്‍ഥതയും തിരികെ നല്‍കേണ്ട സമയമാണിത്.
മഹാമാരിയെ നേരിടാനുള്ള പ്രയത്നത്തിന് സര്‍ക്കാരിന് അചഞ്ചലമായ പിന്തുണയുണ്ടാവുമെന്ന് ഒരിക്കൽ കൂടി അറിയിക്കട്ടെ
ഉപചാരപൂർവം
സോണിയ ഗാന്ധി