ദുബായ് : ദുബായിലെ പൊതുഗതാഗത സേവനത്തിലെ പ്രധാന കണ്ണിയായ, മെട്രോ ട്രെയിന്‍ സര്‍വീസ്, ഇനി മുതല്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴു വരെ മാത്രമായി ചുരുങ്ങും. പൊതുഗതാഗത സംവിധാനത്തിന് ആര്‍ടിഎ പുതിയ സമയക്രമം പ്രഖ്യാപിച്ചതോടെയാണിത്. പുതിയ സമയക്രമം അനുസരിച്ച് ദുബായ് മെട്രോയും , ദുബായ് ട്രാമും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ബസ് , ടാക്സി സര്‍വീസുകളുടെ എണ്ണവും ഇതോടൊപ്പം കുറച്ചു. രാത്രി എട്ടു മുതല്‍ ഇനി പരിമിതമായ ടാക്സി സേവനം മാത്രം ഉണ്ടാകൂ. ഒപ്പം, ഉബര്‍, കരീം എന്നിവയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി ടാക്സി ലഭ്യമായിരിക്കും.
രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പൊതു ബസുകള്‍ സര്‍വീസ് നടത്തുമെങ്കിലും, ആശുപത്രികളിലേക്കുള്ള പരിമിതമായ റൂട്ടുകളില്‍ മാത്രമായി ഇത് ചുരുങ്ങും. അബ്ര അടക്കമുള്ള കടത്തുവള്ളം സര്‍വീസ് ഉള്‍പ്പെടെയുള്ള എല്ലാ സമുദ്ര ഗതാഗതവും ഒരു മാസത്തേക്ക് നിര്‍ത്തിവെയ്ക്കാനും തീരുമാനമായി. ദേശീയ അണുവിമുക്ത പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണത്തിന്റെ ഭാഗമാണിതെന്ന് ആര്‍ടിഎ അറിയിച്ചു. കോവിഡ്-19 പടരാതിരിക്കാന്‍ ദുബായ് മെട്രോയിലും ബസ്സുകളിലും ടാക്സികളിലും സാമൂഹിക അകലം ഉറപ്പാക്കുന്ന മുന്‍കരുതല്‍ നടപടികള്‍ ആര്‍ടിഎ നേരത്തെ ആരംഭിച്ചിരുന്നു.