രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് ടെലകോം കമ്പനികള്‍ അവരുടെ ഉപഭോക്താക്കളായ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഫോണ്‍ കോള്‍ സേവനം സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തൊഴില്‍ നഷ്ടമായ അവർക്ക് മൊബൈല്‍ റീചാര്‍ജ് ചെയ്യാനുള്ള തുക കയ്യിലുണ്ടാവില്ലെന്നും അതിനാല്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് സേവനം സൗജന്യമായി നല്‍കണം എന്നുമാണ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടത്.
ഇക്കാര്യം ആവശ്യപ്പെട്ട് റിലയന്‍സ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി, ഭാരതി എന്റർപ്രൈസസ് (എയര്‍ടെല്‍) ചെയർമാന് സുനില്‍ ബി. മിത്തല്‍, വൊഡഫോണ്‍ ഐഡിയ ചെയര്മാന് കെ.എം. ബിര്‍ള, ബി.എസ്.എന്‍.എല്‍ ചെയര്‍മാനും എംഡിയുമായ പ്രവീണ്‍ കുമാർ പുര്‍വാര്‍ എന്നിവര്‍ക്ക് പ്രിയങ്ക ഗാന്ധി കത്തെഴുതി.
ഈ രാജ്യത്തെ മനുഷ്യരെ ഇപ്പോള്‍ സഹായിക്കുക എന്നത് നമ്മുടെ ദേശീയ ഉത്തരവാദിത്വമാണ്. പട്ടിണിയോടും വിശപ്പിനോടും രോഗങ്ങളോടും അവര്‍ പൊരുതി ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ വീടുകളിലേക്ക് മടങ്ങുകയാണ്. ഈ സമയത്ത് താങ്കളുടെ കമ്പനിയ്ക്ക് വളരെ വലിയൊരു സഹായം അവർക്ക് നല്‍കാനാകും. വീടുകളിലേയ്ക്ക് മടങ്ങുന്ന അവരില്‍ പലർക്കും മൊബൈല്‍ റീചാര്‍ജ് ചെയ്യാനുള്ള തുക കയ്യിലുണ്ടാവില്ല. അതിനാല്‍ത്തന്നെ അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനോ കുടുംബത്തിന് ഇവരെക്കുറിച്ചറിയാനോ മറ്റു മാർഗ്ഗങ്ങളില്ലാതാകും. അതിനാല്‍ അവർക്ക് സൗജന്യ സേവനം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Today, millions of migrant workers across our nation are trying to find their way home to their families, battling hunger, thirst and disease. Many have run out of money on their phone recharges. This means they are unable to call their families or reach out for help#FreeCalling pic.twitter.com/nIsusufZM5
— Priyanka Gandhi Vadra (@priyankagandhi) March 29, 2020
കോളുകള്‍ സൗജന്യമാക്കണമെന്ന ആവശ്യത്തെ പരിഗണിക്കുമെന്ന് റിലയന്‍സ് ജിയോയും എയര്‍ടെല്ലും വൊഡാഫോണുമൊക്കെ ഉള്‍പ്പെട്ട സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (COAI)യുടെ ഡയറക്ടര്‍ ജനറല്‍ രാജന് മാത്യൂസ് പറഞ്ഞു. “ഉപഭോക്താക്കളുടെ താല്പര്യങ്ങള്ക്കാണ് ടെല്‍കോസ് (telcos) മുന്‍തൂക്കം കൊടുക്കുന്നത്. ഉപഭോക്താക്കളുടെ താൽപ്പര്യത്തിന് പ്രഥമ പരിഗണനല്‍കാതെ, അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ, ഒരു ബിസിനസ്സിനും വിജയിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. അതിനാല്‍ തന്നെ അവർ ( ഈ അഭ്യർത്ഥന ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും ഉചിതമായ നടപടിയെടുക്കാൻ സർക്കാരുമായി പ്രവർത്തിക്കുകയും ചെയ്യും എന്നാണ് ഞാന്‍ കരുതുന്നത്.” – രാജന് മാത്യൂസ് പറഞ്ഞു.