ദുബായ് : മെട്രോ ഉള്‍പ്പെടെ യു.എ.ഇയിലെ എല്ലാ പൊതുഗതാഗത സേവനങ്ങളും മാര്‍ച്ച് 26 വ്യാഴാഴ്ച (ഇന്ന്) രാത്രി 8 മുതല്‍ മാര്‍ച്ച് 29 ന് രാവിലെ 6 വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. യു.എ.ഇ ആരോഗ്യ സാമൂഹിക സംരക്ഷണ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഈ സുപ്രധാന തീരുമാനം അറിയിച്ചത്.
പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലെ വാഹനങ്ങളില്‍ കൊവിഡിന് എതിരെയുള്ള അണുനശീകരണ പ്രക്രിയകള്‍ നടപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നിര്‍ദേശം. ഇതോടെ ഈ വാരാന്ത്യത്തിലെ മൂന്ന് ദിനങ്ങളില്‍ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത് എന്ന വലിയ സന്ദേശം കൂടി ഗവണ്‍മെന്‍റ് ലക്ഷ്യമിടുന്നു.
ഇതോടെ യു.എ.ഇയിലെ പബ്ലിക്ക് ബസുകള്‍, ടാക്‌സികള്‍, ജലഗതാഗം ഉള്‍പ്പെടെയുള്ള മുഴുവന്‍ പൊതുഗതാഗതവും ഇന്ന് രാത്രി മുതല്‍ സ്തംഭിക്കും. അതിനാല്‍ എല്ലാവരും ഈ കാലയളവില്‍ വീട്ടില്‍ തന്നെ തുടരണമെന്നും ഭക്ഷണവും മരുന്നും വാങ്ങുകയല്ലാതെ പുറത്തുപോകരുതെന്നും ഗവണ്‍മെന്‍റ് മുന്നറിയിപ്പ് നല്‍കി.