സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ രാജ്യത്തിന്റെ ആസൂത്രണത്തിനും, വളർച്ചക്കും വിലപ്പെട്ടതാണെന്നും, അതിനാൽ സെൻസസുമായി സഹകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൻപിആറിന്റെ കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് വ്യക്തമായ വിശദീകരണം വാങ്ങിയ ശേഷമേ സെൻസസ് നടപടികൾ ആരംഭിക്കാവൂവെന്നും അല്ലെങ്കിൽ ആപത്തായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർവകക്ഷിയോഗത്തിൽ വ്യക്തമാക്കി.
എൻപിആറിന്റെ കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് വ്യക്തമായ വിശദീകരണം വാങ്ങിയ ശേഷമേ സെൻസസ് നടപടികൾ ആരംഭിക്കാവൂവെന്നും അല്ലെങ്കിൽ ആപത്തായിരിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർവകക്ഷിയോഗത്തിൽ വ്യക്തമാക്കിയത്. എന്നാൽ സെൻസസ് നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് സർക്കാർ അറിയിച്ചതിൽ യുഡിഎഫിന്റെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എൻപിആറും സെൻസസും ഒരുമിച്ച് നടത്താനാണ് കേന്ദ്രം വിജ്ഞാപനം ഇറക്കുകയും സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്തത്. എൻപിആർ നടപ്പാക്കില്ലെന്ന് സംസ്ഥാനത്തിന്റെ തീരുമാനം കേന്ദ്രത്തെ അറിയിക്കുകയും എൻപിആർ പ്രവർത്തനങ്ങൾ നിർത്തിവച്ചു കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അയച്ചു കൊടുക്കുകയും ചെയ്തിട്ടും കേന്ദ്രത്തിൽ നിന്ന് സഹകരിക്കണമെന്ന മറുപടി മാത്രമാണ് വന്നിട്ടുള്ളത്. പാർലമെന്റിന്റെ അഭ്യന്തര വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റിയും കേന്ദ്ര സർക്കാർ നയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എൻപിആർ നടപ്പാക്കില്ലെന്ന് 10 സംസ്ഥാനങ്ങൾ നിലപാട് എടുത്തിട്ടും കേന്ദ്ര നിലപാടിൽ മാറ്റമുണ്ടായിട്ടില്ല. ഈ അവസ്ഥയിൽ ഏപ്രിൽ ഒന്നിന് സെൻസസ് നടപടികൾ ആരംഭിച്ചാൽ അത് എൻപിആറിലേക്കുള്ള വഴിയായി മാറും. അത് വഴി എൻആർസി യിലേക്ക് പോകാനും കഴിയും. അതിനാൽ ഇതിൽ ചതിക്കുഴിയുണ്ടെന്നും കേന്ദ്രത്തിൽ നിന്ന് വ്യക്തത വാങ്ങിയ ശേഷമേ സെൻസസ് നടപടികൾ തുടങ്ങാവൂവെന്നും യുഡിഎഫ് ആവശ്യപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി എംപി, മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. എം.കെ മുനീർ എംഎൽഎ എന്നിവർ മുഖ്യമന്ത്രിയെ പ്രത്യേകമായി കണ്ട് ഈ ആശങ്ക അറിയിച്ചിരുന്നു. മുസ്ലിം സംഘടനകളുടെ വികാരം ഇതാണ്. അതിനെ യുഡിഎഫ് പിൻതുണയ്ക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, സെൻസസ് സംബന്ധിച്ച് ഒരുതരത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ നിന്നാണ് ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് പോകുന്നത്. എന്നാൽ എൻപിആർ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്റ്റേ ചെയ്തുകൊണ്ട് 2019 ഡിസംബറിൽ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രമല്ല, ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കുകയും ചെയ്തു. ഒരു കാരണവശാലും എൻപിആർ അംഗീകരിക്കില്ല. സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ രാജ്യത്തിന്റെ ആസൂത്രണത്തിനും വളർച്ചയ്ക്കും വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ സെൻസസ് നടത്തേണ്ടതുണ്ട്. രണ്ടുഘട്ടമായാണ് സെൻസസ് നടത്തുന്നത്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കലുമാണ് മെയ് 1 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടത്തേണ്ടത്. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2021 ഫെബ്രുവരി 9 മുതൽ 28 വരെയാണ്. സെൻസസ് സംബന്ധിച്ച ചോദ്യാവലിയിൽ 31 ചോദ്യങ്ങളാണുള്ളത്. 2011-ലെ ചോദ്യങ്ങളുമായി ഇതിനു കാര്യമായ വ്യത്യാസമില്ല. കേന്ദ്രസർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ 31 ചോദ്യങ്ങൾ മാത്രമേ ചോദിക്കുകയുള്ളൂ. സെൻസസുമായി എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
https://youtu.be/vinYtAdTn5A