മലപ്പുറം : പരപ്പനങ്ങാടിയിൽ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നടപടികൾ ആരംഭിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങലില്‍ നിന്ന് ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കോഴികളെയും താറാവുകളെയും മറ്റ് വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കുന്ന നടപടികള്‍ ആരംഭിച്ചു.
രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി പരപ്പനങ്ങാടിയിൽ ഒരു കിലോമീറ്റര്‍ പരിധിയിലെ നാല് ദിശകളില്‍ നിന്നുമായി പക്ഷിപ്പനി സ്ഥിരീകരിച്ച പാലത്തിങ്ങലിലേക്ക് എന്ന രീതിയിലാകും പ്രതിരോധ നടപടികൾ ആരംഭിക്കുക. റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങളായ 20 വെറ്ററിനറി സര്ജന്മാര്, 119 ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, 30 അറ്റന്‍ഡര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാകും പ്രവര്‍ത്തനം.
മാര്‍ച്ച് 16 നുള്ളില്‍ കോഴികളെയും താറാവുകളെയും മറ്റ് വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കും. കൂടാതെ കോഴിളുടെ ഉള്‍പ്പെടെയുള്ള കൂടുകള്‍, തീറ്റ പാത്രങ്ങള്‍, മുട്ടകള്‍ എല്ലാം പൂര്‍ണമായും നശിപ്പിക്കാനാണ് തീരുമാനം. അതത് പ്രദേശങ്ങളില്‍ തന്നെ ഇവയെ സംസ്കരിക്കുന്നതാണ് രോഗവ്യാപനം തടയാന്‍ നല്ലത് എന്നതിനാല്‍ അതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. കൊല്ലുന്ന കോഴികള്‍ക്കും താറാവുകള്‍ക്കും വളര്‍ത്തു പക്ഷികള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരം നല്‍കുന്നത് ഉറപ്പ് വരുത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന ആവശ്യവും ശക്തമാണ്. അതേ സമയം വിഷയത്തിൽ ജനങ്ങളുടെ സഹകരണം ഉറപ്പാക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം.