കണ്ണൂര്‍: കണ്ണൂരിലെ കോവിഡ് ബാധിതന് സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തിറക്കി. ഇയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ ടി വി സുഭാഷ് അറിയിച്ചു. മാർച്ച് 5ന് രാത്രി 9.30 ഓടെ സ്പൈസ് ജെറ്റ് വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ഇയാൾ 9.30 മുതൽ 11 മണിവരെ വിമാനത്താവളത്തിൽ തന്നെ ചെലവഴിച്ചു. തുടർന്ന് 11.15 ന് രാമനാട്ടുകരെയിലെ ഹോട്ടൽ മലബാർ പ്ലാസയിൽ നിന്നും ഭക്ഷണം കഴിച്ചു. പുലർച്ചെ നാല് മണിയോടെ കണ്ണൂരുള്ള വീട്ടിലെത്തി. ഏഴാം തീയതി ഒരു സ്വകാര്യ ആശുപത്രിയിൽ എത്തുകയും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് അയക്കുകയുമായിരുന്നു.
അതേസമയം ജില്ലയില്‍ ചികിത്സയിലുള്ളവരുടെ വിവരങ്ങൾ ക്രോഡീകരിക്കാനും കാര്യങ്ങൾ ഏകോപിപ്പിക്കാനും ഏഴംഗ ടീമിനെ ചുമതലപ്പെടുത്തി.ഡി എം ഒ യുടെ നേതൃത്തിൽ 2 മെഡിക്കൽ ബോർഡുകളും രൂപീകരിച്ചു. ജില്ലയിൽ ഇതുവരെ 23 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 200 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുമായി നേരിട്ട് ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജനങ്ങക്കിടയില്‍ വ്യാപക ബോധവത്കരണ പ്രവർത്തനങ്ങള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.