കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ 315 പേര്‍ നിരീക്ഷണത്തില്‍

Jaihind News Bureau
Thursday, March 12, 2020

 

കോഴിക്കോട്:   കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പുതുതായി 168 പേര്‍ ഉള്‍പ്പെടെ ആകെ 315 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ മെഡിക്കല്‍ കോളേജില്‍ ആറുപേരും ബീച്ച് ആശുപത്രിയില്‍ അഞ്ച് പേരും ഉള്‍പ്പെടെ ആകെ 11 പേര്‍ നിരീക്ഷണത്തിലാണ്.

രോഗലക്ഷണങ്ങളാൽ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ആറുപേരേയും ബീച്ച് ആശുപത്രിയില്‍ നിന്ന് മൂന്നുപേരെയും ഉള്‍പ്പെടെ ഒന്‍പത് പേരെ ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്തു. അഞ്ച് സ്രവ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആകെ 61 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 50 എണ്ണം നെഗറ്റീവ് ആണ്. ഇനി 11 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

മെന്‍റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലൂടെ ഒരാള്‍ക്ക് മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനുളള കൗണ്‍സിലിംഗ് നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും ജാഗ്രതാ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറുമായുളള കമ്മിറ്റിയില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ആയൂര്‍വേദ, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാര്‍,  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും.