തിരുവനന്തപുരം : യൂത്ത് കോൺഗ്രസിന് ആവേശമായി ഷാഫി പറമ്പിൽ എം.എൽ.എ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു. ഉപാധ്യക്ഷന്മാരടക്കം പുതിയ സംസ്ഥാന കമ്മിറ്റി ചടങ്ങിൽ ചുമതലയേറ്റു. മുതിർന്ന കോൺഗ്രസ് നേതാക്കളും ചടങ്ങിന്റെ ഭാഗമായി. കെ.പി.സി.സി ആസ്ഥാനത്ത് വൻ സ്വീകരണമാണ് പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ തെരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിൽ എം.എൽ.എക്കായി ഒരുക്കിയത്. കെ.എസ് ശബരിനാഥൻ എം.എൽ.എ അടക്കമുള്ള ഉപാധ്യക്ഷന്മാരടങ്ങുന്ന പുതിയ സംസ്ഥാന കമ്മിറ്റി ചുമതലയേറ്റു.
ജ്യോതിരാദിത്യ സിന്ധ്യ അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടി പാർട്ടി വിട്ടയാളാണെന്നും കേരളത്തിൽ നിന്ന് സിന്ധ്യക്ക് പിൻഗാമിയുണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കരുത്ത് പകരാൻ യൂത്ത് കോൺഗ്രസിനാകട്ടെയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇടതുപക്ഷ സർക്കാരിനെ തൂത്തെറിയാൻ ശക്തമായി പരിപാടികളുമായി മുന്നോട്ട് പോകാൻ യൂത്ത് കോൺഗ്രസിനാകണമെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ഫാസിസത്തെയും രാഷ്ട്രീയ ഫാസിസത്തെയും യൂത്ത് കോൺഗ്രസ് ചെറുത്ത് തോൽപ്പിക്കുമെന്ന് സ്ഥാനമേറ്റ ശേഷം ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. മോദിയുടെ നയങ്ങളിൽ നിന്ന് വ്യത്യസ്തമല്ല മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും ഷാഫി പറഞ്ഞു.
മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ, കെ.പി.സി.സി ഉപാധ്യക്ഷന്മാരായ ശരത്ചന്ദ്ര പ്രസാദ്, പി.സി വിഷ്ണുനാഥ്, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ, കോൺഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ് കെ.സി ജോസഫ് എം.എൽ.എ, ഡീൻ കുര്യാക്കോസ് എം.പി , കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
https://www.facebook.com/JaihindNewsChannel/videos/136586314399077/