തൃശൂർ : ജില്ലയിൽ ലൈഫ് മിഷൻ പദ്ധതിയിൽ 95.71 ശതമാനം വീടുകൾ പൂർത്തീകരിച്ചു എന്നാണ് സർക്കാർ അവകാശ വാദം. എന്നാൽ ഇപ്പോഴും ആയിരക്കണക്കിനാളുകൾ പദ്ധതിയിൽ നിന്നുള്ള പണം ലഭിക്കുന്നതിന് വേണ്ടി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ കയറിയിറങ്ങുകയാണ്.
ഈ സർക്കാരിന് ഇതെന്തു പറ്റി എന്നാണ് ആളുകളുടെ ചോദ്യം. ചിലയിടത്ത് തറ. ചിലയിടത്ത് ചുമരുകൾ മാത്രം. മറ്റൊരിടത്ത് മഴയും വെയിലും ഏൽക്കാതിരിക്കാൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം എടുത്ത് ആളുകൾ പണികൾ നടത്തുന്നു. എന്നാൽ ഇതെല്ലാം നേട്ടങ്ങളുടെ കണക്കിൽ സംസ്ഥാന സർക്കാർ എഴുതി ചേർക്കുമ്പോൾ നിശബ്ദരായിരിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾക്ക് കഴിയുന്നില്ല.
വിവിധ പദ്ധതികളിൽ നിന്നുള്ള ഫണ്ട് ലൈഫ് മിഷനിലേക്ക് വകമാറ്റി. ഗുണഭോക്താക്കളായി തെരഞ്ഞെടുത്തവർക്ക് ഗഡുക്കളായാണ് തുക അനുവദിക്കുന്നത്. പലയിടത്തു നിന്നും കടം വാങ്ങി വീടിന്റെ പണി തുടങ്ങിയവർ പണം ലഭിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസുകൾ കയറിയിറങ്ങി മടുത്തു.
ഇങ്ങനെ ജനങ്ങളുടെ കഷ്ടപ്പാടുകൾക്കും യാതനകൾക്കും മുകളിലാണ് സംസ്ഥാന സർക്കാർ അവകാശ വാദങ്ങളുടെ സ്വപ്ന ഭവനങ്ങൾ പടുത്തുയർത്തിയിരിക്കുന്നത്. പക്ഷേ ഈ നുണക്കൂമ്പാരങ്ങളുടെ മുകളില്‍ നിരവധി വീടുകളുടെ അസ്ഥി പഞ്ജരങ്ങൾ തലയുയർത്തി നിൽക്കുന്നുണ്ട് എന്നത് അധികാരികൾ മറന്നു പോകരുത്.