കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി. അധ്യാപകരെ പരീക്ഷ ചുമതലകളിൽ നിന്ന് നീക്കാൻ സിന്റിക്കേറ്റ് പരീക്ഷ സ്ഥിരം സമിതി തീരുമാനിച്ചു. വിവിധ കോളേജുകളിൽ നിന്നുള്ള 100 ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടെന്ന് കണ്ടെത്തൽ. പത്തിരപ്പാല ഗവ കോളേജിലെ ജേണലിസം ഉത്തരക്കടലാസ് കാണാതായ സംഭവം റിപ്പോർട്ട് ചെയ്തത് ജയ്ഹിന്ദ് ന്യൂസായിരുന്നു.
പാലക്കാട് പത്തിരിപ്പാല ഗവ: ആർട്ട്സ് കോളേജിലെ ബി എ ഇംഗ്ലീഷ്, മലയാളം വിദ്യാർത്ഥികളുടെ ജേണലിസം പേപ്പറാണ് യൂണിവേഴ്സിറ്റിയിൽ നിന്ന് നഷ്ടമായത്. വീഴ്ച്ച മറച്ച് വെയ്ക്കാൻ വിദ്യാർത്ഥികൾ പരാജയപ്പെട്ടെന്ന് കാണിച്ച് യൂണിവേഴ്സിറ്റി പരീക്ഷ ഫലവും പ്രഖ്യാപിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വീഴ്ച മറച്ചു വെക്കാനായി പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ ഒന്നടങ്കം തോൽപ്പിച്ചിരിക്കുകയായിരുന്നു. ഈ മാസം ആറിനാണ് ബിഎ ഇംഗ്ലീഷ്, മലയാളം വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ റിസൾട്ട് വന്നത്. ജേണലിസം പേപ്പർ എഴുതിയ 61 പേരും പരാജയപ്പെട്ടെന്നായിരുന്നു പരീക്ഷ ഫലം. പലരും അവധിയാണെന്നും കാണിച്ചിരുന്നു. ഇതോടെ സംശയം തോന്നിയ വിദ്യാർത്ഥികൾ പരാതിയുമായി പ്രിൻസിപ്പലിലെ സമീപിക്കുകയായിരുന്നു. കോളേജ് അധികൃതർ യൂണിവേഴ്സിറ്റിയിലേക്ക് വിളിച്ചന്വേഷിച്ചപ്പോഴാണ് ഉത്തരക്കടലാസുകൾ നഷ്ടമായെന്ന് മറുപടി കിട്ടിയത്.