ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ചെന്നെയിൻ എഫ്സിക്ക് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെന്നൈയുടെ ജയം. ഇന്നത്തെ മത്സരത്തിൽ മുംബൈ സിറ്റി ബാഗ്ലൂരു എഫ്സിയെ നേരിടും.
സീസണിലെ മോശം തുടക്കത്തിനു ശേഷം മുൻ ചാംപ്യൻമാരായ ചെന്നൈയ്ൻ എഫ്സി വിജയപാതയിലാണ്. തുടർച്ചയായ രണ്ടാമത്തെ കളിയിലും ചെന്നൈ വിജയം നേടി. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെന്നൈ തകർത്തത്. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ചെന്നൈ രണ്ടു ഗോളുകളും നേടിയത്.
57 ആം മിനിറ്റിൽ റാഫേൽ ക്രിവെല്ലാറോയും 59 ആം മിനിറ്റിൽ നെറിയുസ് വാൽസ്കിസുമാണ് ചെന്നൈയ്ക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യ പകുതിയിൽ നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ ആതിഥേയർക്കു കഴിഞ്ഞു. പക്ഷെ ഇവയിൽ ഒന്നു പോലും നോർത്ത് ഈസ്റ്റിന്റെ വലയ്ക്കുള്ളിലാക്കാൻ ചെന്നൈയ്ക്കായില്ല. രണ്ടാം പകുതിയിലും ആക്രമിച്ചു കളിച്ച ചെന്നൈ ഒടുവിൽ 57ാം മിനിറ്റിൽ അർഹിച്ച ലീഡും നേടി. തകർപ്പൻ ഷോട്ടിലൂടെയാണ് ക്രിവെല്ലാറോ വല കുലുക്കിയത്. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് കൂടിയാണിത്. രണ്ടു മിനിറ്റിനുള്ളിൽ ചെന്നൈയുടെ വിജയമുറപ്പാക്കി വാൽസ്കിസ് രണ്ടാം ഗോളും നേടി. ബോക്സിനു പുറത്തു നിന്നുള്ള വെടിയുണ്ട കണക്കെയുള്ള ഷോട്ടിൽ നിന്നായിരുന്നു വാൽസ്കിസിന്റെ ഈ ഗോൾ.
ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ മുന്നേറ്റം നടത്തുകയും ചെയ്തു. രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ചെന്നൈ പോയിന്റ് പട്ടികയിൽ ആറാംസ്ഥാനത്തേക്കു കയറി. കേരള ബ്ലാസ്റ്റേഴ്സിനെ ഒരു സ്ഥാനം താഴേക്ക് ഇറക്കിയാണ് ചെന്നൈയുടെ മുന്നേറ്റം.