ആഴ്ചയിൽ നാലു ദിവസം മാത്രം ജോലിയെന്ന വിപ്ലവ തീരുമാനവുമായി സന്ന മരിൻ

Jaihind News Bureau
Friday, January 3, 2020

ആഴ്ചയിൽ നാലു ദിവസം മാത്രം ജോലിയെന്ന വിപ്ലവ തീരുമാനവുമായി ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മരിൻ. ആറുമണിക്കൂർ വീതമുള്ള നാല് പ്രവൃത്തിദിനങ്ങളാണ് സന്ന മരിൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇപ്പോൾ എട്ട് മണിക്കൂർ വീതമുള്ള അഞ്ച് പ്രവൃത്തിദിനങ്ങളാണ് ഫിൻലാൻഡിൽ ഉള്ളത്.

ആറ് മണിക്കൂർ ദൈർഘ്യമുള്ള തൊഴിൽ സമയം പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്ത് നടപ്പിലാക്കാനാണ് സന്ന മരിന്റെ തീരുമാനം. ആറ് മണിക്കൂർ ദൈർഘ്യമുള്ള പ്രവൃത്തി ദിവസം ഇതിനകം ഫിൻലാൻഡിന്റെ അയൽരാജ്യമായ സ്വീഡനിൽ നടപ്പാക്കിയിരുന്നു.
ഇത് നടപ്പാക്കി രണ്ട് വർഷത്തിനു ശേഷം, ജീവനക്കാർ സന്തോഷവതികളും ആരോഗ്യമുള്ളവരും കൂടുതൽ ഉത്പാദനക്ഷമതയുള്ളവരുമായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിൻലാൻഡിലും ഇത് നടപ്പാക്കുന്നത്.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന. 34ാം വയസിലാണ് ഫിൻലൻഡിന്റെ പ്രധാനമന്ത്രി പദത്തിൽ സന്ന മരിൻ എത്തിയത്. ഡിസംബർ 9നാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയായ സന്നയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. നേരത്തെ ആരോഗ്യമന്ത്രിയായിരുന്നു സന്ന. വിശ്വാസവോട്ടിൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് അന്ററി റിന്നെ പരാജയപ്പെട്ടതിനെ തുടർന്ന് രാജിവെച്ചതിനെ തുടർന്നാണ് സന്ന അധികാരത്തിലേറുന്നത്.