50ന്‍റെ നിറവില്‍ പി എസ് എൽ വി; ചരിത്രം കുറിച്ച് ഡിസംബർ 11ന് 50ആം വിക്ഷേപണം

Jaihind News Bureau
Monday, December 2, 2019

GSAT-31-launched

ബഹിരാകാശ രംഗത്ത് അൻപതാം പറക്കലിനൊരുങ്ങി ഇന്ത്യയുടെ  വിക്ഷേപണ റോക്കറ്റ്. ഡിസംബർ 11ന് ശ്രീഹരിക്കോട്ടയിൽ നിന്ന് പി എസ് എൽ വി. സി48 കുതിച്ചുയരുന്നത് ചരിത്രത്തിലേക്ക്. പി എസ് എൽ വിയുടെ ആദ്യ പറക്കലും 41-ആം പറക്കലുമൊഴികെ ഒരു വിക്ഷേപണവും പരാജയപ്പെട്ടിട്ടില്ല.

ബഹിരാകാശ രംഗത്തിൽ ഇന്ത്യയുടെ അഭിമാനമായ പി എസ് എൽ വി മറ്റൊരു ഛൈത്ര യാത്രയിലേക്ക്. റിസാറ്റ് 2ബി ആർ 1 ഉൾപ്പെടെ 10 ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി. സി – 48 കുതിച്ചുയരുന്നത് ചരിത്രത്തിലേക്കായിരിക്കും. ഐ.എസ്.ആർ.ഒ കേന്ദ്രം ഈ ചരിത്രക്കുതിപ്പിന്‍റെ ആവേശത്തിലാണ്.

1993 ലെ ആദ്യത്തേതും 2017 ലെ  41-ത്തേതും മാറ്റിയാല്‍ വിജയചരിത്രം മാത്രമാണ് പി.എസ്.എല്‍.വി.യ്ക്ക് പറയാനുള്ളത്. 49ല്‍ 47 വിക്ഷേപണവും  വിജയകരമായി പൂര്‍ത്തിയാക്കിയ ട്രാക്ക് റെക്കോഡോടെയാണ് പി.എസ്.എൽ.വി 50-ആം യാത്രയ്ക്കൊരുങ്ങുന്നത്.   ചന്ദ്രയാൻ 1-ഉം മംഗൾയാനും വിക്ഷേപിച്ച പിഎസ്എൽവി 2017 ഫെബ്രുവരി 15ന് 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ച് റെക്കോഡ് കുറിച്ചിരുന്നു.

ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞതും മികച്ചതുമായ വിക്ഷേപണ റോക്കറ്റാണ് പിഎസ്എൽവി.  നാളിതുവരെ 310 വിദേശ ഉപഗ്രഹങ്ങളും 40 ഇന്ത്യൻ ഉപഗ്രഹങ്ങളും ബഹിരാകാശത്തെത്തിക്കാൻ പി.എസ്.എൽ.വി ക്കു കഴിഞ്ഞു.

എ.എസ്.എൽ.വി.യുടെ പിൻഗാമിയാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന പി.എസ്.എൽ.വി. ഡിസംബർ 11ന് രാജ്യം കാത്തിരിക്കുന്നത് പി.എസ്.എൽ.വി യുടെ മറ്റൊരു ചരിത്ര നേട്ടത്തിനാണ്.