ആലപ്പുഴ : ആലപ്പുഴ മിത്രക്കരിയിൽ മാധ്യമപ്രവർത്തകനെ ഗുണ്ടാസംഘം ആക്രമിച്ചു. ജയ്ഹിന്ദ് ടി.വി ക്യാമറാമാനും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ ട്രഷററുമായ ജോജി മോന് ജോസഫിനെയാണ് പ്രാദേശിക ഗുണ്ടാ സംഘം ആക്രമിച്ചത്. മർദനത്തിൽ സാരമായി പരിക്കേറ്റ ജോജിമോനെ ആദ്യം പുളിങ്കുന്ന് സർക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
മിത്രക്കരി ചിറ്റംതറ വീട്ടിൽ അജീഷ്, അബീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പരിക്കേറ്റ ജോജിമോൻ പറഞ്ഞു. അക്രമികൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രതികൾക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കുമെന്ന് രാമങ്കരി പോലീസ് അറിയിച്ചു. മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഇത് രണ്ടാം തവണയാണ് ജോജിമോൻ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിന് ഇരയാകുന്നത്.