പ്രളയത്തിൽ എല്ലാം നഷടപ്പെട്ട കുടുംബത്തിലെ വിവാഹത്തിന് ധനസഹായ വാഗ്ദാനവുമായി കോൺഗ്രസ് പാർട്ടി. പ്രളയബാധിത മേഖലകളിലെ സന്ദർശനത്തിനിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാനിധ്യത്തിലാണ് ചെങ്ങന്നൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബത്തിന് നേതാക്കൾ സഹായം വാഗ്ദാനം ചെയ്തത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടിയുടെ ഇടപെടലാണ് ഈ കുടുംബത്തിന് സഹായം ലഭിക്കാൻ വഴിയൊരുക്കിയത്.
https://youtu.be/bMwAlWKDvac
ഇത് മണികൃഷ്ണൻ . പത്തനംതിട്ടയിലെ മഞ്ഞിപ്പുഴയത്ത് കോളനിയിലെ താമസക്കാരിയായ ഈ വീട്ടമ്മക്കും മക്കളും ഇപ്പോൾ കഴിയുന്നത് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. പ്രളയം സംഹാര താണ്ഡവമാടിയപ്പോൾ ഇവർക്ക് നഷ്ടമായത് വീടും സമ്പാദ്യവും മാത്രമായിരുന്നില്ല, മകളുടെ വിവാഹം എന്ന സ്വപ്നം കൂടിയായിരുന്നു. ഏക മകളുടെ വിവാഹത്തിനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കിയ ഘട്ടത്തിലാണ് അപ്രതീക്ഷിതമായി പ്രളയം എല്ലാം കവർന്നെടുത്തത്. അതോടെ വിവാഹം മാറ്റിവച്ചു. എന്നാൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ഈ വിവരം അറിഞ്ഞതോടെ ഈ കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് ചിറക് മുളച്ചു. വിവാഹത്തിന് ആവശ്യമായ സാമ്പത്തിക സഹായമാണ് അദ്ദേഹം വാഗ്ദാനം ചെയ്യുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചെങ്ങന്നൂരിൽ എത്തിയപ്പോൾ ഈ വീട്ടമ്മയെ നേരിട്ട് കാണുകയും എല്ലാ പിൻതുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. മാറ്റി വച്ച വിവാഹം സെപ്റ്റബർ 3ന് നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. വിവാഹ നടത്തിപ്പിന് ആവശ്യമായ ചെലവുകൾ പൂർണമായും കോൺഗ്രസ് പാർട്ടിയായിരിക്കും വഹിക്കുക. വിവാഹം തന്നെ മുടങ്ങി പോകുമെന്ന ഘട്ടത്തിലാണ് ഇവരെ തേടി സഹായമെത്തിയത്.
ആലപ്പുഴ സ്വദേശിയായ ആകാശ് ആണ് മണി കൃഷ്ണന്‍റെ മകൾ മായയെ വിവാഹം കഴിക്കുന്നത്. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖരെ വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.