അഹമ്മദാബാദ്: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ബാധിക്കാത്ത ഒരു മേഖലയും ഇല്ല എന്ന അവസ്ഥയാണ് ഇപ്പോള്‍. വജ്രനഗരമെന്ന പേരുകേട്ട ഗുജറാത്തിലെ സൂറത്തില്‍ വ്രജവ്യാപാരം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. ഇനിയൊരു തിരിച്ചുവരവിന് സാധിക്കാത്ത വിധമാണ് വജ്രവ്യാപാര രംഗം തകര്‍ന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലായ്മയാണ് സൂറത്ത് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. കഴിഞ്ഞ ദിവസം തൊഴില്‍ നഷ്ടമായ ഒരു വജ്ര നിര്‍മ്മാണ തൊഴിലാളികൂടെ ആത്മഹത്യ ചെയ്തതോടെ മൂന്നുമാസത്തിനുള്ളില്‍ മാത്രം 15 പേരാണ് സൂറത്തില്‍ ആത്മഹത്യ ചെയ്തത്. പ്രതിസന്ധിയെത്തുടര്‍ന്ന് സൂറത്തില്‍ വ്യാപകമായി തൊഴിലാളികളെ പിരിച്ചുവിടുകയും ശമ്പളം വെട്ടിച്ചുരുക്കുകയുമാണ്.
ആറുമാസത്തിനുള്ളില്‍ 30,000 മുതല്‍ 40,000വരെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാവുകയാണെന്നും ദീപാവലി അവധിദിനങ്ങള്‍ കൂട്ടാനുള്ള നീക്കത്തിലാണ് കമ്പനികള്‍. കഴിഞ്ഞയാഴ്ചമാത്രം 200 തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഉടമകള്‍ രണ്ട് മാസത്തോളം കമ്പനികള്‍ പൂട്ടിയിട്ടിരുന്നെന്നും എന്നിട്ടും പ്രതിസന്ധി മറികടക്കാനാവുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. 66,000 ഡയമണ്ട് പോളിഷിങ് കമ്പനികള്‍ അടച്ചുപൂട്ടിയെന്ന് നേരത്തെ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘എട്ടുമുതല്‍ പത്ത് ലക്ഷം തൊഴിലാളികള്‍ ഡയമണ്ട് കട്ടിങ്, പോളിഷിങ് ജോലികളെടുക്കുന്നവരാണ്. ഇവര്‍ക്കാര്‍ക്കും ഫെസ്റ്റിവല്‍ ബോണസുകള്പോലും ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ശതമാനം കയറ്റുമതിയാണ് ഇത്തവണ കുറഞ്ഞത്. ചില കാര്യങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും വ്യവസായികള്‍ വ്യക്തമാക്കുന്നു.