എംജി സർവ്വകലാശാലയിൽ വീണ്ടും മാർക്ക് ദാന വിവാദം. സർവകലാശാലയിലെ ബി എസ് സി നഴ്സിങ് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്ക് മോഡറേഷൻ നൽകി വിജയിപ്പിച്ചതാണ് വിവാദത്തിലായിരിക്കുന്നത്. അതേസമയം കേരള യൂണിവേഴ്സിറ്റിയിലും ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടായതിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നു.
എം ജി സർവകലാശാലയിലും എഞ്ചിനീയറിംഗ് പരീക്ഷയിൽ മാർക്ക് ദാനം നടത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടെത് നേരത്തേ വിവാദമായിരുന്നു . ഇതിനു പിന്നാലെയാണ് എംജി സർവകലാശാലയിലെ ബി എസ് സി സി നഴ്സിങ് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്ക് 5 മാർക്ക് വരെ മോഡറേഷൻ നൽകി വിജയിപ്പിച്ചത്. തുടർച്ചയായ വർഷങ്ങളിൽ തോറ്റ് മേഴ്സി ചാൻസും കഴിഞ്ഞ വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ മാർക്ക് ദാനം ചെയ്തത്. ഇന്ത്യൻ നഴ്സിങ്ങ് കൗൺസിൽ മാനതണ്ഡങ്ങൾക്ക് വിരുദ്ധമായാണ് സർവകലാശാലയുടെ നടപടി. 2008- 2009 ബാച്ചിലെ വിദ്യാർത്ഥികളെയാണ് ഇത്തരത്തിൽ മോഡറേഷൻ നൽകി വിജയിപ്പിച്ചത്.
അതേസമയം കേരള യൂണിവേഴ്സിറ്റിയിലും ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലുണ്ടായതിന്റെ തെളിവുകൾ കൾ ലഭിച്ചു അക്കാദമിക്, പരീക്ഷാ കലണ്ടറുകളുടെ കരട് മന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടു. രണ്ടിലും മന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ച മാറ്റം വരുത്തിയാണ് അംഗീകാരം നല്‍കിയത്. ഇത് വ്യക്തമാക്കുന്ന സിന്‍ഡിക്കറ്റ് യോഗത്തിന്റെ മിനിറ്റ്സ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. സർവകലാശാലകളുടെ ഭരണകാര്യങ്ങളിൽ മന്ത്രിക്ക് ഇടപെടാൻ പാടില്ലെന്നിരിക്കെയാണ് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ട ഭേദഗതികൾ കൾ സിൻഡിക്കേറ്റ് നടത്തിയത്.