ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷോളയാർ ഡാം തുറന്നേക്കും; പ്രദേശത്ത് റെഡ് അലർട്ട്

Jaihind News Bureau
Tuesday, September 17, 2019

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷോളയാർ ഡാം തുറന്നേക്കും. പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2661.40 അടിയായതിനെ തുടർന്നാണു നടപടി. ജലനിരപ്പ് ഉയരുന്നതിനാൽ ചാലക്കുടി പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.

ജലനിരപ്പ് 2663 അടിക്കു മുകളിലായാൽ ഇനിയൊരു മുന്നറിയിപ്പ് കൂടാതെ ഡാം തുറന്നു വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലേക്കും അതു വഴി ചാലക്കുടി പുഴയിലേക്കും ഒഴുക്കുന്നതിനു ജില്ലാ കളക്ടർ അനുമതി നൽകി.

സെക്കൻറിൽ പരമാവധി 100 ഘനമീറ്റർ അധികജലം ഡാമിൽനിന്ന് തുറന്നുവിടുന്നതിനാണ് അനുമതി. ഡാമുകൾ തുറന്നാൽ പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചാലക്കുടി പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ജലം തുറന്നുവിടുമ്പോൾ ചാലക്കുടി പുഴയിൽ രണ്ട് അടി വരെ ജലനിരപ്പ് ഉയരും. പുഴയിൽ ഇറങ്ങുന്നവരും മീൻ പിടിത്തത്തിൽ ഏർപ്പെടുന്നവരും ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു.

തമിഴ്‌നാട് ഷോളയാർ ഡാമിൽനിന്ന് സെക്കൻറിൽ 500 ഘന അടി ജലം ഒഴുകിയിയെത്തുന്നതിനാലാണു കേരള ഷോളയാറിൽ ജലനിരപ്പുയർന്നത്. 2663 അടിയാണ് കേരള ഷോളയാറിന്‍റെ പരമാവധി ജലനിരപ്പ്. ഇപ്പോഴത്തെ നില പ്രകാരം വ്യാഴാഴ്ച ജലനിരപ്പ് 2663 അടിയാവാനാണു സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. തമിഴ്‌നാട് ഷോളയാർ ഡാമിലെ ജലനിരപ്പ് കുറയാണ്. കേരള ഷോളയാറിൽ സംഭരണശേഷിയുടെ 97.13 ശതമാനം വെള്ളമുണ്ട്. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴയില്ല. പെരിങ്ങൽക്കുത്ത് ഡാമിൽ 419.75 മീറ്ററാണ് ജലനിരപ്പ്.