സൗദിയില്‍ രണ്ട് എണ്ണക്കമ്പനികളിലേക്ക് ഡ്രോണ്‍ വഴി വന്‍ ആക്രമണം; കോടികളുടെ നഷ്ടം, പുകയില്‍ മുങ്ങി സൗദി : തീഗോളങ്ങള്‍ കണ്ട് ആശങ്കയോടെ ജനം

B.S. Shiju
Saturday, September 14, 2019

 

സൗദി അറേബ്യയുടെ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് ഫാക്ടറികളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വന്‍ ആക്രമണം നടന്നു. സംഭവത്തെ തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി. കോടികളുടെ വന്‍ നഷ്ടമാണ് കണക്കാക്കുന്നത്. എങ്കിലും നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. അതേസമയം, തീ നിയന്ത്രണ വിധേയമാണെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചു. കിഴക്കന്‍ മേഖലയിലെ അബ്ഖയ്ഖിലും ഖുറൈസിലുമാണ് ആസൂത്രിതമായ രണ്ട് ആക്രമണങ്ങള്‍ ഉണ്ടായത്. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വെടിവയ്പ്പും ഉണ്ടായതായി അറിയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ദഹ്റാനില്‍ നിന്ന് 60 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായിട്ടാണ്, അബ് ഖെയ്ക്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റുകളില്‍ ഒന്നാണിത്. കൂടാതെ, തെക്കുപടിഞ്ഞാറായി 190 കിലോമീറ്റര്‍ അകലെയുള്ള ഖുറൈസിലേത്, രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണപ്പാടമാണ്. കിഴക്കന്‍ സൗദി അറേബ്യയിലെ പ്രധാന അരാംകോ ഓഫീസിനെയും മറ്റും ലക്ഷ്യമിട്ടാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആകാശത്തോളം ഉയര്‍ന്ന രൂക്ഷമായ പുകയില്‍ സൗദി മുങ്ങി. തീ ഗോളങ്ങള്‍ ഉയര്‍ന്നതോടെ ആളുകള്‍ ആശങ്കാകുലരായതായി സമീപവാസികള്‍ പറഞ്ഞു. കിലോ മീറ്ററുകള്‍ക്ക് അകലെ നിന്ന് പോലും ഈ തീജ്വാലകള്‍ കാണാമായിരുന്നു. സംഭവം സംബബന്ധിച്ച് അന്വേഷണം ആരംഭിച്ചു.